'കെട്ടിട ദുരന്തത്തിൽ രാഷ്ട്രീയം നല്ലതല്ല'; ബൃഹാൻ മുംബൈ കോർപറേഷനോട് ബോംബെ ഹൈകോടതി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്ന് 12 പേര്‍ മരിക്കാനിടയായ സംഭവത്തിൽ ബൃഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) അധികൃതർക്കെതിരെ രൂക്ഷവിമർശനവുമായി ബോംബെ ഹൈകോടതി. ദുരന്തത്തിൽ രാഷ്ട്രീയം നല്ലതല്ലെന്നും കോടതികളെ കുറ്റപ്പെടുത്താനാവില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
കോവിഡ് വ്യാപനവും കോടതിയുടെ നിയന്ത്രണവും കാരണം തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ കഴിയില്ലെന്നാണ് ബി.എം.സി അധികൃതർ ഹൈകോടതിയിൽ ചൂണ്ടിക്കാട്ടിയത്. മല്‍വാനി കെട്ടിട ദുരന്തത്തിൽ സ്വയമേ എടുത്ത കേസ് കോടതി പരിഗണിക്കവെയാണ് ബി.എം.സി അധികൃതർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിലാണ് ഹൈകോടതി കോർപറേഷൻ അധികൃതരെ വിമർശിച്ചത്.
തിങ്കളാഴ്ച രാത്രി 11.10ഓടെയാണ് മുംബൈയിലെ മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്ന് 11 പേര്‍ മരിക്കുകയും ഏഴു പേര്‍ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തത്. പരിക്കേറ്റവർ ബി.ഡി.ബി.എ മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകട സമയത്ത് കുട്ടികളടക്കം നിരവധി പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. അഗ്നിശമന സേനയുടെയും പൊലീസിന്‍റെയും പ്രദേശവാസികളുടെയും സഹായത്തോടെ കുടുങ്ങിക്കിടന്ന 15ഓളം പേരെ രക്ഷപ്പെടുത്തി.