നാല് വർഷമായി മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ; ക്രയോണിക്സിലൂടെ പുനർജനിപ്പിക്കാനെന്ന് കുടുംബം
text_fieldsമുംബൈ: മുംബൈയിൽ നാല് വർഷം മുമ്പ് മരിച്ച വയോധികന്റെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ഭാവിയിൽ മരിച്ചവരെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ മൃതദേഹം ദീർഘകാലം സംരക്ഷിക്കാനായിരുന്നു കുടുംബത്തിന്റെ ശ്രമം. മലാഡിലെ ക്ലിനിക്കിലാണ് മൃതദേഹം സൂക്ഷിച്ചത്. വിവരമറിഞ്ഞതിനെ തുടർന്ന് പൊലീസ് ക്ലിനിക്കിലെത്തി പരിശോധന നടത്തുകയായിരുന്നു. 2022ലാണ് 80 വയസുകാരൻ മരിച്ചത്. പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരം ക്ലിനിക്കിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. വയോധികന്റെ മരണത്തിൽ അതീവ ദുഃഖത്തിലാഴ്ന്ന കുടുംബം അമേരിക്കയിലെ ക്രയോണിക്സ് കേന്ദ്രത്തിൽ മൃതദേഹം സംരക്ഷിക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അത്യന്തം താഴ്ന്ന താപനിലയിൽ മൃതദേഹം സംരക്ഷിച്ച് ഭാവിയിൽ വൈദ്യശാസ്ത്രം പുരോഗതി കൈവരിക്കുമ്പോൾ പുനരുജ്ജീവിപ്പിക്കാനാകുമെന്ന പ്രതീക്ഷയിൽ നടത്തുന്ന പരീക്ഷണാത്മക രീതിയാണ് ക്രയോണിക്സ്. വയോധികന്റെ ഭാര്യയും മക്കളും മുംബൈയിലാണ് താമസിക്കുന്നത്. ഇയാളുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹം ഇത്തരത്തിൽ സൂക്ഷിക്കുന്നതിന്റെ നിയമസാധുതയും എത്രകാലം ഇങ്ങനെ സൂക്ഷിക്കാനാകുമെന്നത് സംബന്ധിച്ച കാര്യങ്ങളും പൊലീസ് അന്വേഷിച്ച് വരികയാണ്. തുടർനടപടികൾ സംബന്ധിച്ച് നിയമോപദേശവും തേടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

