മുംബൈ: കോവിഡ് പ്രതിരോധനീക്കത്തിൽ മുംബൈ നേരിടുന്ന പ്രധാന വെല്ലുവിളി ഡോക്ടർമാരും നഴ്സുമാരും അടങ്ങിയ ആരോഗ്യപ്രവർത്തകരുടെ അഭാവമെന്ന് കേരളത്തിൽനിന്നെത്തിയ വിദഗ്ധർ. ആരോഗ്യരംഗത്തെ മനുഷ്യവിഭവശേഷിയുടെ കുറവ് നികത്തണമെന്ന് കേരള സംഘത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ്കുമാർ ആവശ്യപ്പെട്ടു.
ജനസംഖ്യയും ചേരികളും കൂടുതലുള്ള മുംബൈയുടെ സാഹചര്യവും വൈറസ് വ്യാപന കാരണങ്ങളും കേരളത്തിൽനിന്നും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. 50 ഡോക്ടർമാരും 100 നഴ്സുമാരും അടങ്ങിയ സംഘമാണ് കേരളത്തിൽനിന്ന് എത്തുന്നത്. ഡോ. സന്തോഷ്കുമാറും മറ്റു രണ്ടു പേരും ശനിയാഴ്ച എത്തി. എല്ലാ ചികിത്സാസംവിധാനങ്ങളുമുള്ള അന്ധേരിയിലെ സെവൻ ഹിൽസ് ആശുപത്രിയാണ് ഇവർ തിരഞ്ഞെടുത്തത്. 16 ഡോക്ടർമാർ തിങ്കളാഴ്ച എത്തി. ശേഷിച്ചവർ ഒരാഴ്ചക്കകം വരുമെന്നും എല്ലാവരും സ്വകാര്യ ആശുപത്രികളിൽ പ്രവർത്തിക്കുന്നവരാണെന്നും സന്തോഷ്കുമാർ പറഞ്ഞു.