മുംബൈ: മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രധാന റൺവെ ഇന്ന് മൂന്നു മണിക്കൂർ നേരത്തേക്ക് അടച്ചിട്ടു. ഇൻസ്ട്രുമെന്റ് ലാൻറിങ് സിസ്റ്റത്തിന്റെ (െഎ.എൽ.എസ്) വിപുലീകരണ പ്രവർത്തിയുെട ഭാഗമായാണിത്. ഉച്ചക്ക് രണ്ടിന് അടച്ച റൺവെ വൈകീട്ട് അഞ്ചിനാണ് തുറക്കുക. ഇൗ സമയം വരെ പ്രധാന റൺവെയിലൂടെ വിമാനം ഉയരുകയോ ഇറങ്ങുകയോ ചെയ്യില്ല.
പ്രധാന റൺവെ ഉപയോഗിക്കുന്നതിന് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത് വിമാനങ്ങളുടെ സമയക്രമത്തെ ബാധിച്ചേക്കുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എൻ.െഎ റിപ്പോർട്ട് ചെയ്തു. ചില വിമാനങ്ങൾ റദ്ദാക്കുകയും ചിലതിന്റെ സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തത് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും.
മെയ് 17ന് തുടങ്ങിയ െഎ.എൽ.എസ് വിപുലീകരണ പ്രവർത്തി ജൂൺ അഞ്ച് വരെ തുടരും. രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് മുംബൈയിലേത്. ദിനംപ്രതി 970 വിമാനങ്ങളാണ് ഇവിടെ ഇറങ്ങുകയും പറന്നുയരുകയും ചെയ്യുന്നത്.