മുല്ലപ്പള്ളി ഇന്ന് രാഹുലിനെ കാണും
text_fieldsന്യൂഡൽഹി: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും മറ്റു പുതിയ ഭാരവാഹികളും ശനിയാഴ്ച രാവിലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ട് കർമപരിപാടി രൂപപ്പെടുത്തും. ചുമതലയേൽക്കുന്ന തീയതി അടക്കമുള്ള കാര്യങ്ങൾ വൈകീട്ടു നടക്കുന്ന പുതിയ ഭാരവാഹികളുടെ പ്രത്യേക യോഗം തീരുമാനിക്കും.
മുല്ലപ്പള്ളിക്കു പുറമെ, വർക്കിങ് പ്രസിഡൻറുമാരായ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, പ്രചാരണസമിതി അധ്യക്ഷൻ കെ. മുരളീധരൻ, യു.ഡി.എഫ് കൺവീനർ െബന്നി ബഹ്നാൻ എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ചർച്ചകളിൽ പങ്കാളിയാവും. മുല്ലപ്പള്ളി രാമചന്ദ്രൻ വെള്ളിയാഴ്ച മുകുൾ വാസ്നിക്, മുതിർന്ന നേതാവ് എ.കെ. ആൻറണി എന്നിവരുമായി ചർച്ചകൾ നടത്തി.
