പിറന്നാൾ ദിനത്തിൽ മോദിയെ ‘അവതാര പുരുഷൻ’ എന്ന് വിശേഷിപ്പിച്ച് മുകേഷ് അംബാനി; മൗനം പാലിച്ച് അദാനി
text_fieldsന്യൂഡൽഹി: അടുത്തിടെ വരെ 75 വയസ്സ് ബി.ജെ.പി നേതാക്കളുടെ അലിഖിതമായ വിരമിക്കൽ പ്രായമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, 75-ാം പിറന്നാൾ വേളയിൽ 'മൈമോഡിസ്റ്ററി' എന്ന ഹാഷ് ടാഗുമായി മോദി സ്തുതിയുടെ തിരക്കിലാണ് സോഷ്യൽ മീഡിയ.
സിനിമാ താരങ്ങൾ, കായികതാരങ്ങൾ, വ്യവസായികൾ, മറ്റ് വമ്പന്മാർ എന്നിവരുടെ ആശംസകളുടെ പ്രളയത്തിനിടയിൽ മോദിക്ക് വ്യത്യസ്തമായ ആശംസയാണ് മുകേഷ് അംബാനി നേർന്നത്. ‘ഒരു അവതാര പുരുഷൻ പിറന്നു’ എന്നതായിരുന്നു അത്. ‘നമ്മുടെ മാതൃരാജ്യത്തെ ഭൂമിയിലെ ഏറ്റവും മഹത്തായ രാഷ്ട്രമാക്കി മാറ്റാൻ മോദിജിയെ ഒരു അവതാര പുരുഷനായി അയച്ചത് സർവ്വശക്തനായ ദൈവം തന്നെയാണ്’ എന്ന് അംബാനി ഒരു വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ‘മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഇന്ത്യക്കും ഇന്ത്യക്കാർക്കും മികച്ച ഭാവിക്കായി ഇത്രയധികം അക്ഷീണം പ്രവർത്തിച്ച ഒരു നേതാവിനെ ഞാൻ കണ്ടിട്ടില്ല’ എന്നും അംബാനി പുകഴ്ത്തി.
എന്നാൽ, മോദിയുടെ അടുത്തയാളായി അറിയപ്പെടുന്ന മറ്റൊരു വ്യവസായി ഗൗതം അദാനി, പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ സോഷ്യൽ മീഡിയയിൽ മൗനം പാലിച്ചു. ഒന്നിനു പുറകെ ഒന്നായി സെലിബ്രിറ്റികൾ അടക്കം മോദിയെ പ്രശംസിക്കാൻ എത്തുകയും ഹാഷ്‌ടാഗുമായി ആശംസകൾ അറിയിക്കുകയും ചെയ്യവെ അദാനിയുടെ നിശബ്ദത ശ്രദ്ധേയമായി.
കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ്, തന്നെ ‘ദൈവം അയച്ചതാണെന്നും ‘ജൈവശാസ്ത്രപരമായി ജനിച്ചവൻ’ അല്ലെന്നും മോദി അവകാശപ്പെട്ടത് അനുകൂലമായും പ്രതികൂലമായുമുള്ള വലിയ പ്രതിധ്വനികൾ ഉയർത്തിരുന്നു. അതെത്തുടർന്ന് ‘അജൈവ’ പ്രധാനമന്ത്രിയെന്ന് പ്രതിപക്ഷം പരിഹാസരൂപേണ അഭിസംബോധന ചെയ്തിരുന്നു.
ബോളിവുഡിലെ ഷാരൂഖ്, ആമിർ, സൽമാൻ എന്നീ ഖാൻമാരും മറ്റൊരു നടൻ അക്ഷയ്കുമാർ, ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ്, മുൻ ക്രിക്കറ്റ് താരം ശ്രീകാന്ത്, ബാഡ്മിന്റൺ താരം പി.വി. സിന്ധു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തൃണമൂൽ നേതാവ് അഭിഷേക് ബാനർജി തുടങ്ങിയവർ ആശംസകൾ നേർന്നു.
എന്നാൽ, മമത ബാനർജിയുടേതായി ആശംസകൾ ഒന്നും വന്നില്ല. കോൺഗ്രസ് മോദിയുടെ ജന്മദിനം ‘രാഷ്ട്രീയ ബെറോസ്ഗർ ദിവസ്’ (ദേശീയ തൊഴിലില്ലായ്മ ദിനം) ആയി ആചരിച്ചു. പാർട്ടിയുടെ യുവജന വിഭാഗം ‘നൗക്രി ചോർ, ഗദ്ദി ഛോദ്!’ എന്ന മുദ്രാവാക്യങ്ങളുമായി പ്രതിഷേധം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

