ജിന്ന മഹാപുരുഷനെന്ന് ബി.ജെ.പി എം.പി
text_fieldsഉത്തർപ്രദേശ്: അലീഗഢ് മുസ്ലിം സർവകലാശാലയിലെ മുഹമ്മദലി ജിന്നയുടെ ഛായാചിത്രം വിവാദമായിരിക്കെ പാകിസ്താൻ സ്ഥാപകനായ ജിന്നയെ ബി.ജെ.പിയുടെ എം.പി സാവിത്രി ഭായ് ഫൂലെ മഹാനെന്ന് വിശേഷിപ്പിച്ചത് പാർട്ടിയിൽ അമ്പരപ്പുണ്ടാക്കി. ‘‘സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത എല്ലാ മഹാന്മാരെയും ജാതിയും മതവും നോക്കാതെ ബഹുമാനിക്കേണ്ടതുണ്ട്’’ ^അലീഗഢ് സർവകലാശാലയിലെ ജിന്ന വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ എം. പി പറഞ്ഞു.
ജിന്ന മഹാനായ വ്യക്തിയാണോ എന്ന് വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹം എന്നും അങ്ങനെത്തന്നെയായിരിക്കുമെന്നും എം. പി പറഞ്ഞു. ‘‘ആവശ്യമുള്ളിടത്തെല്ലാം ഇത്തരം മഹാന്മാരുടെ ഛായാചിത്രം ആദരവോടെ സ്ഥാപിക്കണം. സ്വാതന്ത്ര്യസമര കാലം മുതൽ ആദരിക്കപ്പെടുന്നയാളാണ് ജിന്ന. ലോക്സഭയിൽ അദ്ദേഹത്തിെൻറ ഛായാചിത്രമുണ്ട്. അദ്ദേഹത്തിെൻറ പേര് ആദരവോടെയാണ് പറയേണ്ടത്’’ ^എം.പി വിശദീകരിച്ചു. ദാരിദ്ര്യം, പട്ടിണി തുടങ്ങിയ യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ജിന്നയുടെ ഛായാചിത്രം വിവാദമാക്കിയതെന്നും അവർ ചൂണ്ടിക്കാട്ടി.
സർവകലാശാലയുടെ ചുവരിൽനിന്ന് ജിന്നയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് അലീഗഢിലെ ബി.ജെ.പി എം.പി സതീഷ് ഗൗതം സർവകലാശാല വൈസ് ചാൻസലർക്ക് കത്തെഴുതിയതോടെയാണ് വിവാദം തുടങ്ങിയത്. ജിന്ന മഹാനാണെന്നും ഗൗതമിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും ഉത്തർപ്രദേശ് മന്ത്രി സ്വാമി പ്രസാദ് മൗര്യയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹം അത് നിഷേധിക്കുകയായിരുന്നു.
നേരത്തെ യു.പിയിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ സ്വാമി പ്രസാദ് മൗര്യയും ജിന്ന മഹാപുരുഷനെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഇതിനെ എതിർത്ത് യോഗിയും മറ്റു മന്ത്രിമാരും രംഗത്തെത്തി. ജിന്ന ഇന്ത്യയുടെ ശത്രുവാണെന്നാണ് യോഗി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
