മുഡ കേസ്; ലോകായുക്ത 27നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി
text_fieldsസിദ്ധരാമയ്യ
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിയിടപാട് കേസിൽ ജനുവരി 27നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തയോട് കർണാടക ഹൈകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ കർണാടക ഹൈകോടതിയുടെ ധാർവാഡ് ബെഞ്ചാണ് കേസ് അന്വേഷിക്കുന്ന മൈസൂരു ലോകായുക്ത പൊലീസിന് നിർദേശം നൽകിയത്. കേസുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ രേഖകളും ഫയലുകളും വ്യാഴാഴ്ച ഹാജരാക്കാനും ഉത്തരവിട്ടു. ജനുവരി 27ന് കേസ് വീണ്ടും ഹൈകോടതി പരിഗണിക്കും.
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരു നഗര വികസന അതോറിറ്റിയുടെ (മുഡ) വിജയനഗർ മൂന്ന്, നാല് സ്റ്റേജുകളിലെ 14 സൈറ്റുകൾ അനുവദിച്ചതിൽ ക്രമക്കേട് സംബന്ധിച്ച ആരോപണം ഉയർന്നതോടെ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ ഗവർണർ താവർ ചന്ദ് ഗഹ് ലോട്ട് അനുമതി നൽകിയതിനെ തുടർന്ന് ലോകായുക്ത കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്. കേസരെയിലെ സർവേ നമ്പർ 464 ലെ 3.16 ഏക്കർ ഭൂമിക്ക് പകരമായി 50:50 അനുപാതത്തിലാണ് ഈ സ്ഥലങ്ങൾ അനുവദിച്ചത്.
കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മൈസൂരുവിലെ സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ ഹൈകോടതി ഈ നിർദേശം പുറപ്പെടുവിച്ചത്. സെപ്റ്റംബർ 27നാണ് ഹരജി സമർപ്പിച്ചത്. തന്നെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി കോടതി തള്ളി. തുടർന്ന്, മൈസൂരു ലോകായുക്ത എസ്.പി ടി.ജെ. ഉദേഷിനോട് സിദ്ധരാമയ്യ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന മുഡ ക്രമക്കേടുകൾ അന്വേഷിക്കാനും എഫ്.ഐ.ആർ ഫയൽ ചെയ്യാനും ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകൾ കൈാര്യം ചെയ്യുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു.
മുഡ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർവതി ഉൾപ്പെടെയുള്ളവർക്കെതിരെ ലോകായുക്തയുടെ റിപ്പോർട്ട് സമർപ്പിക്കുന്നത് ഡിസംബർ 19ന് ജസ്റ്റിസ് നാഗപ്രസന്ന സ്റ്റേ ചെയ്തിരുന്നു. ജനുവരി 28നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു അന്ന് ഹൈകോടതി നിർദേശിച്ചത്. ബുധനാഴ്ച ഹരജി പരിഗണിക്കവെ, ജസ്റ്റിസ് നാഗപ്രസന്ന ഇടക്കാല സ്റ്റേ നീക്കി, മുഡ കേസിൽ അന്വേഷണം പുനരാരംഭിക്കാൻ ലോകായുക്ത പൊലീസിനോട് നിർദേശിച്ചു. ലോകായുക്ത പൊലീസിന്റെ ഇൻസ്പെക്ടർ ജനറൽ അന്വേഷണം നിരീക്ഷിക്കണമെന്നും ഈ മാസം ജനുവരി 27നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

