കാർഷിക ഉത്പന്നങ്ങൾക്ക് മിനിമം താങ്ങുവില നടപ്പാക്കാത്തത് പ്രധാനമന്ത്രിയുടെ സുഹൃത്ത് അദാനി കാരണം- മേഘാലയ ഗവർണർ
text_fieldsഷില്ലോങ്: കാർഷിക ഉത്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്താതിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മേഘാലയ ഗവർണർ സത്യ പാൽ മാലിക്ക്. മിനിമം താങ്ങുവില നടപ്പാക്കാത്തത് പ്രധാനമന്ത്രിയുടെ സുഹൃത്ത് അദാനി കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ രാജ്യത്തെ വിൽക്കാൻ തയാറെടുക്കുകയാണെന്നും അതിന് അനുവദിച്ച് കൊടുക്കരുതെന്നും സത്യപാൽ അഭിപ്രായപ്പെട്ടു. നുഹിലെ കിരയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മിനിമം താങ്ങുവില നടപ്പാക്കാത്തത് പ്രധാനമന്ത്രിക്ക് ഒരു സുഹൃത്ത് ഉള്ളതുകൊണ്ടാണ്, അദ്ദേഹത്തിന്റെ പേര് അദാനി, അഞ്ച് വർഷംകൊണ്ട് അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി മാറിയിരിക്കുന്നു.' സത്യപാൽ ആരോപിച്ചു.
മിനിമം താങ്ങുവില നടപ്പാക്കാതിരിക്കുകയോ താങ്ങുവിലക്ക് നിയമപരിരക്ഷ ഉറപ്പുവരുത്താതിരിക്കുകയോ ചെയ്താൽ ഇവിടെ മറ്റൊരു സമരം ഉണ്ടാവും. ഈ പ്രാവശ്യം സമരം കനക്കും. നിങ്ങൾക്ക് രാജ്യത്തെ കർഷകരെ തോല്പിക്കാനാവില്ല. നിങ്ങൾക്ക് ഇ.ഡിയോയോ ആദായനികുതി ഓഫീസർമാരെയോ അവരുടെ അടുത്തേക്ക് അയക്കാൻ കഴിയില്ല. പിന്നെ നിങ്ങളെങ്ങനെ അവരെ ഭയപ്പെടുത്തുമെന്നും അദ്ദേഹം ചോദിച്ചു.
അദാനി കുറഞ്ഞ വിലക്ക് ഗോതമ്പുവാങ്ങി സംഭരിച്ചിട്ടുണ്ടെന്നും വിലക്കയറ്റത്തിന്‍റെ സമയത്ത് അത് വിൽക്കുമെന്നും പറഞ്ഞ സത്യപാൽ അങ്ങനെ മോദിയുടെ സുഹൃത്തുക്കൾ ലാഭം കൊയ്യുകയാണെന്നും കർഷകർ കഷ്ടപ്പെടുകയാണെന്നും പറഞ്ഞു.
നേരത്തെയും കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നു. തന്‍റെ ഔദ്യോഗിക കാലാവധി അവസാനിച്ചാൽ കർഷകരുടെ പോരാട്ടത്തിൽ മുഴുവൻ സമയവും പങ്കുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

