ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ഡൽഹി സർവകലാശലയിൽ എം.എസ്.എഫ് സംഗമം
text_fieldsന്യൂഡൽഹി: ഫലസ്‌തീൻ ജനതക്ക് പിന്തുണയുമായി ഡൽഹി സർവകലാശലയിൽ എം.എസ്.എഫ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ഡൽഹി സർവകലാശാല എം.എസ്.എഫ് പ്രസിഡന്റ് ഫാത്തിമ ബത്തൂൽ അധ്യക്ഷത വഹിച്ചു.
വിദ്യാർഥി നേതാക്കളായ സഹദ്, ഹാഫിദ് , ഹനാൻ, അഫ്സൽ,ജഹാന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് വിദ്യാർഥികൾ ഫലസ്തീൻ എംബസിയിലെത്തി സ്ഥാനപതി അദ്നാൻ അബു അൽ ഹൈജയുമായി കൂടിക്കാഴ്ച നടത്തി.
ഫലസ്റ്റീൻ ജനതക്കൊപ്പം നിന്ന ചരിത്രമാണ് ഇന്ത്യക്കുള്ളതെന്നും ഇസ്രായേലിനു ഏകപക്ഷീയ പിന്തുണ നൽകിയ മോദി സർക്കാറിന്റെ നിലപാട് മനുഷ്യത്വരഹിതമാണെന്നും രാജ്യത്തെ വിവിധ ക്യാമ്പസുകളിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കുമെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു പറഞ്ഞു.
മുസ്‍ലിം ലീഗ് നേതാക്കൾ ഫലസ്തീൻ സ്ഥാനപതിയെ കണ്ടു
ന്യൂഡൽഹി: ഇസ്രായേൽ ആക്രമണത്തിനെതിരെ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അറിയിച്ച് മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ ഡൽഹിയിലെ ഫലസ്തീൻ എംബസിയിലെത്തി സ്ഥാനപതി അദ്നാൻ അബു അൽഹൈജയെ കണ്ടു. ഫലസ്തീൻ പോരാളികൾക്ക് അനുകൂലമായി രാജ്യത്തെ ജനങ്ങളെയും ഭരണകൂടത്തേയും ചേർത്തു നിർത്താൻ ആവുന്നതെല്ലാം ചെയ്യുമെന്ന് ലീഗ് നേതാക്കൾ അദ്നാൻ അബു അൽഹൈജയെ അറിയിച്ചു.
മനുഷ്യക്കുരുതിക്കെതിരെ ഫലസ്തീൻ ജനതക്ക് വേണ്ടി കേരളത്തിൽ നടക്കുന്ന പരിപാടികൾ ഇ.ടി ബഷീർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി. ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള സഹോദരീ സഹോദരന്മാർ ഇക്കാര്യത്തിൽ അനുഭവിക്കുന്ന വേദനയും തങ്ങളോട് ഹൃദയം ചേർത്തുവെക്കുന്നതും സ്ഥാനപതി നന്ദിപൂർവം സ്മരിച്ചു. ലീഗ് ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമ്മർ, അഡ്വ. ഹാരിസ് ബീരാൻ, അബ്ദുൽ ഹലിം, നൂർ ശംസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

