ഭോപ്പാൽ: 15 വർഷമായി തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നയാളെ 31കാരി കുത്തിക്കൊലപ്പെടുത്തി. 25ഓളം കുത്തുകളേറ്റ യുവാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മധ്യപ്രദേശിലെ ഗുണയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം അരങ്ങേറിയത്.
കൃത്യം നടത്തിയ ഉടനെ യുവതിതന്നെയാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചതെന്ന് ഗുണയിലെ കൻറ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാംപ്രകാശ് വർമ അറിയിച്ചു.
''കൊല്ലപ്പെട്ട ബ്രിജ്ഭൂഷൺ ശർമ പെൺകുട്ടിയുടെ അയൽപക്കത്ത് താമസമാക്കിയിരുന്നു. പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോൾ 2005ലാണ് ആദ്യമായി ബലാത്സംഗം ചെയ്യപ്പെട്ടത്. ബലാത്സംഗത്തിെൻറ വിഡിയോ റെക്കോർഡ് ചെയ്ത ശർമ പെൺകുട്ടിയെ പലതവണ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി.
പിന്നീട് യുവതിയെ ഗുണയിലേക്ക് വിവാഹം ചെയ്തയച്ചിരുന്നു. എന്നാൽ ശർമ പെൺകുട്ടിയുടെ അവിടെയുള്ള വീട്ടിലേക്കുമെത്തി ഭീഷണിപ്പെടുത്തൽ തുടങ്ങി. കഴിഞ്ഞ ദിവസം ശർമ വീട്ടിൽവന്ന് ശല്യപ്പെടുത്താൻ തുടങ്ങി. യുവതിയുടെ ഭർത്താവ് വീട്ടിലില്ലായിരുന്നു. രണ്ട് മക്കളും വേറെ മുറിയിൽ ഉറങ്ങുകയായിരുന്നു. ഇതോടെ യുവതി അടുക്കളയിൽ നിന്നും കത്തിയെടുത്ത് യുവാവിനെ തുടരെ കുത്തുകയായിരുന്നു'' -യുവതിയുടെ മൊഴി ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
യുവതിക്കെതിരെ 302 വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.