എം.പി.എസ്.സി ചോദ്യപേപ്പർ ചോർച്ച: അന്വേഷിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു, വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു
text_fieldsമുംബൈ: മഹാരാഷ്ട്ര പബ്ലിക് സർവിസ് കമ്മീഷനിലെ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ കമ്മിറ്റിയെ നിയോഗിച്ചതിനെ തുടർന്ന് ഉദ്യോഗാർഥികൾ 10 ദിവസമായി നടത്തിവന്ന സമരം ഞായറാഴ്ച വൈകിട്ടോടെ അവസാനിപ്പിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നടത്തുക, കമ്മീഷനിൽ പരിഷ്കാരങ്ങൾ വരുത്തുക, എം.പി.എസ്.സി ചെയർമാൻ വിവേക് ഭീമൻവാറിനെ പുറത്താക്കുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.
സർക്കാറിന്‍റെ ഉറപ്പിന് പിന്നാലെ, അന്വേഷണം പൂർത്തിയാകുന്നതുവരെ താൻ അവധിയിൽ പ്രവേശിക്കുകയാണെന്ന് ഭീമൻവാർ അറിയിച്ചു. തങ്ങളുടെ ഭൂരിഭാഗം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതിനാൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചതായി ഉദ്യോഗാർഥികളുടെ പ്രതിനിധിയായ വിവേകാനന്ദ് പാട്ടീൽ പറഞ്ഞു. മന്ത്രി ശിവേന്ദ്ര രാജെ ഭോസ്‌ലെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പ്രതിനിധി സംഘം സമരക്കാരുമായി കൂടിക്കാഴ്ച നടത്തുകയും അന്വേഷണ കമ്മീഷൻ എന്ന ആവശ്യം അംഗീകരിച്ചതായി അറിയിക്കുകയും ചെയ്തു. മുൻ ജഡ്ജി ദിലീപ് ഭോസ്‌ലെ അധ്യക്ഷനായ സമിതിയിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ തുക്കാറാം മുന്ധെ സെക്രട്ടറിയായും, ഐ.പി.എസ് ഉദ്യോഗസ്ഥൻ ലക്ഷ്മി ഗൗതം, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഗണേഷ് പാട്ടീൽ, വിരമിച്ച ജഡ്ജി പി.ഡി. നായിക് എന്നിവർ അംഗങ്ങളായും പ്രവർത്തിക്കും.
സമര പ്രതിനിധികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കൽ, മൂന്ന് വർഷത്തിനുള്ളിൽ 70,000 തസ്തികകളിലേക്ക് നിയമനം നടത്തൽ, ജനുവരിയിൽ നടക്കാനിരിക്കുന്ന ഗ്രൂപ്പ് സി പരീക്ഷയിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കൽ, എം.പി.എസ്.സി ചെയർമാനെയും സെക്രട്ടറിയെയും നിയമിക്കുന്നതിന് മുമ്പ് അവരുടെ പശ്ചാത്തല പരിശോധന നടത്തൽ തുടങ്ങിയ സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും 15 സമര പ്രതിനിധികൾക്കെതിരെ രണ്ട് ദിവസം മുമ്പ് പൂനെ പോലീസ് കേസെടുത്തിരുന്നു. സമര സ്ഥലത്ത് ഡ്രോൺ പറത്തിയതിന് അഞ്ച് പേർക്കെതിരെ വേറെയും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

