സി.ജെ.പി വീണ്ടും തെരുവിലേക്ക്; മഹാരാഷ്ട്ര വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ, അഭിജീത് ദീപ്കെയും പങ്കെടുക്കും
text_fieldsമുംബൈ: മഹാരാഷ്ട്ര പബ്ലിക് സർവീസ് കമീഷൻ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും നടത്തിപ്പിലെ ക്രമക്കേടുകളും ആരോപിച്ച് വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് കോക്രോച് ജനതാ പാർട്ടി. സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയും പ്രവർത്തകരും സമരത്തിൽ പങ്കെടുക്കുമെന്ന് സി.ജെ.പി അറിയിച്ചു.
എം.പി.എസ്.സി ഉദ്യോഗാർഥികളുടെ ഒരു സംഘം ഛത്രപതി സംഭാജിനഗറിലെ അഭിജീത് ദീപ്കെയുടെ വീട് സന്ദർശിച്ചതിന് പിന്നാലെയാണ് സി.ജെ.പി ഇക്കാര്യം അറിയിച്ചത്. എം.പി.എസ്.സി ചെയർമാനും സെക്രട്ടറിയും രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സെപ്റ്റംബർ 24നകം ആവശ്യം അംഗീകരിച്ചില്ലെങ്കിൽ എം.പി.എസ്.സി ഉദ്യോഗാർഥികളുമായി നേരിട്ട് സംവദിക്കുന്നതിനായി സംസ്ഥാനതല പര്യടനം സംഘടിപ്പിക്കുമെന്നും സി.ജെ.പി അറിയിച്ചു.
‘ഈ പോരാട്ടത്തിൽ സി.ജെ.പിയും ഞാനും എം.പി.എസ്.സി ഉദ്യോഗാർഥികൾക്കൊപ്പമാണ്. ഉദ്യോഗസ്ഥർ രാജിവെക്കുന്നത് വരെ ഉദ്യോഗാർഥികൾക്കൊപ്പം നിൽക്കും’ -അഭിജീത് ദീപ്കെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
എം.പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ചെയർമാൻ വിവേക് ഭിമൻവാർ, സെക്രട്ടറി മഹേന്ദ്ര ഹർപാൽക്കർ എന്നിവർ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ആവശ്യമുന്നയിച്ച് ഉദ്യോഗാർഥികൾ മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധം തുടരുകയാണ്. പരീക്ഷാ സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

