ഭോപ്പാൽ: 16ാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിനിടയിൽ മധ്യപ്രദേശിൽ 45 കാരി മരിച്ചു. ദാമോ ജില്ലയിലാണ് സംഭവമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കുടിയേറ്റ തൊഴിലാളിയായ സുഖിറാനി അഹിർവാറാണ് മരിച്ചതെന്ന് ജില്ല അധികൃതർ അറിയിച്ചു. ജൂലൈയിൽ ആശുപത്രി സന്ദർശിച്ച യുവതിക്ക് വിളർച്ചയുണ്ടായതായി ആരോഗ്യപ്രവർത്തകർ അറിയിച്ചിരുന്നു. പക്ഷേ ശനിയാഴ്ച ആശുപ്രതിയിലെത്തും മുേമ്പ, അകാലപ്രസവത്തിനിടെയാണ് മരണമെന്ന് മെഡിക്കൽ ഓഫീസർ സംഗീത ത്രിവേദി അറിയിച്ചു.
മരണത്തെത്തുടർന്ന്, ഡ്യൂട്ടിയിൽ കൃത്യവിലോപം നടത്തിയതിന് നഴ്സിനെയും ഹെൽത്ത് സൂപ്പർവൈസറെയും സസ്‌പെൻഡ് ചെയ്തു. ഗുരുതര രോഗിയായ സ്ത്രീയുടെ ആരോഗ്യത്തെക്കുറിച്ച് മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് നടപടിയെന്ന് ജില്ല കലക്ടർ തരുൺ രതി പറഞ്ഞു. ബ്ലോക്കിലെ ആശ വർക്കേഴ്സിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.