തലസ്ഥാന നഗരിയിൽ എം.പിക്കും രക്ഷയില്ല; ബൈക്കിലെത്തിയ മോഷ്ടാവ് കോൺഗ്രസ് എം.പിയുടെ മാലകവർന്നു
text_fieldsസുധ രാമകൃഷ്ണൻ എം.പി
ന്യൂഡൽഹി: ഡൽഹിയിൽ വിവിധ രാജ്യങ്ങളുടെ എംബസികൾ സ്ഥിതിചെയ്യുന്ന അതിസുരക്ഷ മേഖലയായ ചാണക്യപുരിയിൽ തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ് എം.പി ആർ. സുധയുടെ സ്വർണമാല ബൈക്കിലെത്തിയ മോഷ്ടാവ് കഴുത്തിൽനിന്ന് പൊട്ടിച്ചെടുത്തു. തിങ്കളാഴ്ച രാവിലെ രാജ്യസഭ എം.പി രാജാത്തി സൽമക്കൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് ചാണക്യപുരിയിലെ പോളണ്ട് എംബസിക്ക് മുന്നിൽവെച്ച് കഴുത്തിൽനിന്ന് പൊട്ടിച്ചെടുത്തത്. സുധയുടെ കഴുത്തിൽ സാരമായ പരിക്കേൽക്കുകയും ചെയ്തു. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ എം.പിമാർ ശ്രമം നടത്തി.
എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ വനിത എം.പിമാർ ലോക്സഭ സ്പീക്കർ ഓം ബിർളയെ കാണുകയും ചെയ്തു. ഡൽഹിയുടെ സുരക്ഷ ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് സുധ കത്തയക്കുകയും ചെയ്തു. രാവിലെ 6.15നും 6.20നും ഇടയിൽ പോളണ്ട് എംബസിയുടെ മൂന്ന്, നാല് ഗേറ്റുകൾക്കിടയിൽ എത്തിയപ്പോൾ മുഖം മറയുന്ന ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ എതിർദിശയിൽ വന്ന വ്യക്തി മാല തട്ടിപ്പറിക്കുകയായിരുന്നുവെന്ന് ആർ. സുധ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത ഡൽഹി പൊലീസ് ഒന്നിലധികം അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.
ചാണക്യപുരി പോലെ അതിസുരക്ഷ മേഖലയിൽ വെച്ചുണ്ടായ അതിക്രമം ഞെട്ടിച്ചുവെന്നും ദേശീയ തലസ്ഥാനത്തെ അതിസുരക്ഷ മേഖലയില്‍ ഒരു സ്ത്രീക്ക് സുരക്ഷിതമായി നടക്കാനാകുന്നില്ലെങ്കില്‍ രാജ്യത്ത് മറ്റെവിടെയാണ് സാധിക്കുകയെന്നും സുധ പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് ചോദിച്ചു. അതിക്രമം നടക്കുമ്പോൾ നിരവധി പേർ പരിസരത്തുണ്ടായിരുന്നു. സഹായം അഭ്യർഥിച്ചിട്ടും ആളുകൾ നോക്കിനിൽക്കുകയായിരുന്നു. അതുവഴി വന്ന പൊലീസ് പട്രോൾ സംഘത്തോട് വിഷയം പറഞ്ഞപ്പോൾ ചാണക്യപുരി സ്റ്റേഷനിൽ പരാതി നൽകാനാണ് ആവശ്യപ്പെട്ടത്. പെട്ടെന്നുള്ള നടപടി ഉണ്ടായില്ല. സംഭവം മാനസികമായി ഏറെ തളര്‍ത്തിയെന്നും മാല വലിച്ചപ്പോൾ കഴുത്തിന് പരിക്കേൽക്കുകയും ചുരിദാർ കീറുകയും ചെയ്തതായും എം.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

