സസ്പെൻഷൻ: കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രണീത് കൗർ
text_fieldsചണ്ഡിഗഢ്: പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് തനിക്കെതിരെ കാരണംകാണിക്കൽ നോട്ടീസയച്ച കോൺഗ്രസ് നേതൃത്വത്തിനെതിരെ പട്യാല എം.പിയും മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയുമായ പ്രണീത് കൗർ. പാർട്ടിക്ക് ഇഷ്ടമുള്ള ഏത് നടപടിയും തനിക്കെതിരെ സ്വീകരിക്കാമെന്ന് അവർ പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പിയെ സഹായിക്കുന്ന രീതിയിൽ പ്രവർത്തിച്ചു എന്ന ആരോപണത്തെതുടർന്ന് കഴിഞ്ഞ ദിവസം പ്രണീത് കൗറിനെ സസ്പെൻഡ് ചെയ്തിരുന്നു.
പാർട്ടി അച്ചടക്കസമിതി മെംബർ സെക്രട്ടറി താരിഖ് അൻവറിനെതിരെയും അവർ ആഞ്ഞടിച്ചു. സോണിയ ഗാന്ധിയുടെ വിദേശവംശം ചൂണ്ടിക്കാട്ടി കോൺഗ്രസ് വിടുകയും സ്വയം അച്ചടക്കനടപടി നേരിടുകയും ചെയ്ത് ഒരാൾ, തനിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നത് അത്ഭുതപ്പെടുത്തിയെന്നും അവർ പറഞ്ഞു. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് 2021 സെപ്റ്റംബറിലും പ്രണീത് കൗറിന് കോൺഗ്രസ് കാരണംകാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

