ആൾക്കൂട്ട കൊലപാതക വിധിക്ക് പിന്നാലെ ജഡ്ജിക്ക് വധഭീഷണി; മധ്യപ്രദേശിൽ സുരക്ഷ ശക്തമാക്കി
text_fieldsമധ്യപ്രദേശ്: മധ്യപ്രദേശിലെ നർമ്മദാപുരം കോടതിയിലെ ജഡ്ജി തബസ്സം ഖാനാണ് സോഷ്യൽ മീഡിയയിലൂടെ ഭീഷണികളും വർഗീയ അധിക്ഷേപങ്ങളും നേരിടേണ്ടി വന്നത്. പശുക്കടത്ത് ആരോപിച്ച് നടന്ന ആൾക്കൂട്ട കൊലപാതകക്കേസിൽ 14 പേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ജഡ്ജിക്കെതിരെ ഒരു വിഭാഗം ആളുകൾ തിരിഞ്ഞത്. വിധിക്കെതിരെ പ്രതിഷേധിക്കുന്നവർ ജഡ്ജിയുടെ മതപരമായ ഐഡന്റിറ്റിയെ ലക്ഷ്യം വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ വിഷയം വലിയ വിവാദമായിരിക്കുകയാണ്.
2022-ൽ ബാരാഖർ ഗ്രാമത്തിന് സമീപം നടന്ന സംഭവത്തിൽ നസീർ അഹമ്മദ് എന്ന ട്രക്ക് ഡ്രൈവർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് വിധി പ്രസ്താവിക്കപ്പെട്ടത്. വധശ്രമം, കൊലപാതകം, നിയമവിരുദ്ധമായ സംഘം ചേരൽ എന്നിവയടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതിനെത്തുടർന്നാണ് 14 പേരെ ജഡ്ജി തബസ്സം ഖാൻ കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം ശിക്ഷിച്ചത്. എന്നാൽ, ഈ വിധി നിയമപരമായ അടിസ്ഥാനത്തിൽ ചർച്ച ചെയ്യുന്നതിന് പകരം ജഡ്ജിയുടെ മതം അടിസ്ഥാനമാക്കി വിദ്വേഷ പ്രചാരണം നടത്താനാണ് ചില സംഘടനകളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ശ്രമിച്ചത്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോകളിൽ ജഡ്ജിക്ക് നേരെ കടുത്ത ഭീഷണികളാണ് ഉയർന്നത്. ശിക്ഷിക്കപ്പെട്ടവരെ വിട്ടയച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറയുന്നതും ജഡ്ജിയെ വർഗീയമായി അധിക്ഷേപിക്കുന്നതുമായ വിഡിയോകൾ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സൈബർ സെല്ലിന്റെ സഹായത്തോടെ വിഡിയോ പ്രചരിപ്പിച്ചവരെയും ഭീഷണി മുഴക്കിയവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ നിയമരംഗത്തുള്ളവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്ന ഇത്തരം പ്രവണതകൾ ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കേസിൽ ഉൾപ്പെട്ടവരെ പിടികൂടാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ബി.ജെ.പി വക്താക്കൾ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജിയുടെ സുരക്ഷ ഉറപ്പാക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഭരണകൂടത്തിന് മേൽ സമ്മർദ്ദമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

