Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകമാൽ മൗലാ മസ്ജിദ്...

കമാൽ മൗലാ മസ്ജിദ് സമുച്ചയം ഭോജ്ശാല ക്ഷേത്രമെന്ന് മധ്യപ്രദേശ് ഹൈകോടതി, പള്ളിയിൽ നമസ്കാരത്തിന് വിലക്ക്

text_fields
bookmark_border
Bhojshala Kamal Maula Mosque
cancel

ഇൻഡോർ: നൂറ്റാണ്ടുകൾ പഴക്കമുള്ള മധ്യപ്രദേശ് ധറിലെ ഭോജ്ശാല സമുച്ചയത്തിലെ മുസ്‍ലിം പള്ളിയിൽ നമസ്കാരത്തിന് വിലക്കേർപ്പെടുത്തി ഹൈകോടതി. വർഷങ്ങളായി തർക്കത്തിലുള്ള ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്ന് വിധിച്ച മധ്യപ്രദേശ് ഹൈകോടതി, ഇവിടെയുള്ള കമാൽ മൗല പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥന അനുവദിച്ചുകൊണ്ടുള്ള പുരാവസ്തു വകുപ്പിന്റെ (എ.എസ്.ഐ) നിർദേശം റദ്ദാക്കി.

കമാൽ പള്ളിക്കു പകരം ധർ ജില്ലയിൽതന്നെ പുതിയപള്ളി നിർമിക്കാനായി മറ്റൊരു സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാറിനെ സമീപിക്കാമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിജയ് കുമാർ ശുക്ല, അലോക് അവസ്ഥി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധിപ്രഖ്യാപനം നടത്തിയത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാ കേന്ദ്രം സംബന്ധിച്ച തർക്കത്തിൽ ഭോജ്ശാല ക്ഷേത്രത്തിലും, കമാൽ മൗല പള്ളിയിലും ഹിന്ദു, മുസ്‍ലിം വിഭാഗങ്ങൾക്ക് ആരാധന നടത്താൻ അനുമതി നൽകിക്കൊണ്ട് 2003 ഏപ്രിൽ ഏഴിനാണ് ആർകിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവുണ്ടായത്. ചൊവ്വാഴ്ചകളിൽ ഹിന്ദു മതാചാര പ്രകാരമുള്ള പ്രാർഥനകൾക്കും, വെള്ളിയാഴ്ച മുസ്‍ലിംകൾക്ക് ജുമുഅ നമസ്കാരത്തിനുമായിരുന്നു അനുമതി.

വർഷങ്ങളായി ഇരു സമുദായങ്ങളും ഇത് പിന്തുടർന്നു വരുന്നതിനിടെയാണ് ഹിന്ദു സംഘടനകൾ ഹൈകോടതിയെ സമീപിച്ചത്. അതേസമയം, ഭോജ്ശാല ജൈന മതവിശ്വാസികളുടെ കേന്ദ്രമാണെന്ന അവകാശവാദവുമായും കോടതിയിൽ ഹരജി നൽകി.

ഇതേതുടർന്ന് 2024 മാർച്ചിൽ തർക്ക പ്രദേശത്ത് ശാസ്ത്രീയ പരിശോധന നടത്താൻ ഹൈകോടതി പുരാവസ്തു വിഭാഗത്തെ ചുമതലപ്പെടുത്തി. മാർച്ച് 22ന് ആരംഭിച്ച് 98 ദിവസം നീണ്ട സർവേക്കു ശേഷം 2000 പേജുള്ള റിപ്പോർട്ടാണ് കോടതിക്കു മുമ്പാകെ സമർപ്പിച്ചത്. ആയിരത്തോളം രേഖകളും ചരിത്ര വസ്തുതകളും സർവേയുടെ വിഡിയോ രേഖകകളും മാനദണ്ഡമാക്കി തർക്കസ്ഥലം ക്ഷേത്രമായി പ്രഖ്യാപിക്കുന്നതായി കോടതി പറഞ്ഞു.

11ാം നൂറ്റാണ്ടിൽ നിർമിച്ച ഭോജ്ശാല സമുച്ചയം നിലവിൽ പുരാവസ്തു വിഭാഗത്തിന്റെ സംരക്ഷണത്തിലാണുള്ളത്. ഹിന്ദു വിശ്വാസപ്രകാരം സരസ്വതി ക്ഷേത്രമായാണ് ആരാധന നടത്തുന്നത്. അതേസമയം, എ.എസ്.ഐ സർവേ പക്ഷപാതപരമാണെന്ന് മുസ്‍ലിം വിഭാഗം ആരോപിച്ചു. ഹിന്ദു വിഭാഗത്തിന്റെ വാദങ്ങളെ സഹായിക്കാൻ തയാറാക്കിയതാണ് സർവേ റിപ്പോർട്ടെന്നും കോടതിയിൽ വാദിച്ചു. വിധിക്കെതിരെ അപ്പീൽ നൽകാനുള്ള തീരുമാനത്തിലാണ് എതിർപക്ഷം.

സുപ്രീംകോടതിയിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷ -ഉവൈസി

ഹൈദരാബാദ്: ഭോജ്ശാല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിച്ചുള്ള ഹൈകോടതി വിധിയിൽ സുപ്രീംകോടതിയിൽനിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. മധ്യപ്രദേശിലെ ധറിൽ 11ാം നൂറ്റാണ്ടിൽ നിർമിച്ച ഭോജ്ശാല സമുച്ചയം പള്ളിയല്ലെന്നും, ക്ഷേത്രമാണെന്നുമുള്ള ഹൈകോടതി വിധിക്കു പിന്നാലെയായിരുന്നു ഉവൈസിയുടെ പ്രതികരണം.

ഹൈകോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാബരി മസ്ജിദ് വിധിയുമായി ഏറെ സാമ്യതകളുള്ളതാണ് ഇപ്പോൾ മധ്യപ്രദേശ് ഹൈകോടതി പുറപ്പെടുവിച്ച വിധി -എക്സ് പോസ്റ്റിൽ ഉവൈസി കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Archaeological Survey of IndiaBhojshala-Kamal Maula MasjidBhojshala survey
News Summary - MP High Court Declares Bhojshala Site As Temple
Next Story