കേണൽ സോഫിയക്കെതിരായ വർഗീയ പരാമർശം; ആദ്യം വിദ്വേഷം, പിന്നാലെ മാപ്പ്
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനുമേൽ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിക്കെതിരെ വർഗീയ പരാമർശം നടത്തിയ ബി.ജെ.പി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കുൻവർ വിജയ് ഷാക്കെതിരെ പ്രതിഷേധം കനക്കുന്നു. വിഷയം സ്വമേധയ പരിഗണിച്ച മധ്യപ്രദേശ് ഹൈകോടതി മന്ത്രിക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നൽകി. മേയ് 14 വൈകുന്നേരത്തിനുള്ളിൽ എഫ്.ഐ.ആർ ഫയൽ ചെയ്തില്ലെങ്കിൽ കോടതിയലക്ഷ്യമായി കണക്കാക്കി ഡി.ജി.പിക്കെതിരെ നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിക്കുപുറത്ത് കരി ഓയിൽ ഒഴിച്ച് കോൺഗ്രസ് പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം ഇന്ദോറിലെ മഹുവിൽ നടന്ന സര്‍ക്കാര്‍ പരിപാടിയിലായിരുന്നു കേണൽ സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരി എന്ന പരാമർശം മന്ത്രി നടത്തിയത്.
നമ്മുടെ ധീരയായ മകള്‍ കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് അപമാനകരവും ലജ്ജാകരവും വിലകുറഞ്ഞതുമായ പരാമര്‍ശം നടത്തിയ മന്ത്രിയെ ഉടൻ പുറത്താക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു. ബി.ജെ.പി-ആർ.എസ്.എസ് മാനസികാവസ്ഥ എപ്പോഴും സ്ത്രീവിരുദ്ധമാണെന്നും ഖാർഗെ പറഞ്ഞു. വിജയ് ഷായുടെ പ്രസ്താവന വിഷലിപ്തമാണെന്നും എത്രയും വേഗം മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം.പി ആവശ്യപ്പെട്ടു.
പ്രതിഷേധം കനത്തതോടെ മാപ്പുപറഞ്ഞ് മന്ത്രി രംഗത്തുവന്നു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്ത് തവണ വേണമെങ്കിലും ക്ഷമാപണം നടത്താൻ തയാറാണെന്നും, സഹോദരിയേക്കാൾ കേണൽ ഖുറേഷിയെ താൻ ബഹുമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സോഫിയ ഖുറേഷി ഭാരതത്തിന്റെ അഭിമാനമാണെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് വ്യക്തമാക്കി. സംഭവത്തെ അപലപിച്ചെങ്കിലും മന്ത്രിയുടെ പേര് പരാമർശിക്കാതെ ദേശീയ വനിത കമീഷൻ. ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നും സ്ത്രീകളെ അവഹേളിക്കുന്ന പ്രസ്താവനകൾ ദൗർഭാഗ്യകരമാണെന്നും കമീഷൻ എക്സിലെ കുറിപ്പിൽ പറഞ്ഞു. പാകിസ്താനുമായുള്ള ഏറ്റുമുട്ടൽ അവസാനിച്ചത് വാർത്തസമ്മേളനത്തിൽ അറിയിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം നടന്നതിന്റെ ചൂടാറും മുമ്പാണ് പുതിയ സംഭവം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.