മധ്യപ്രദേശിൽ സർക്കാർ ഓഫിസുകളുടെ ശുചീകരണത്തിന് ഇനി ഗോമൂത്ര ഫിനോയിൽ
text_fieldsഭോപ്പാൽ: സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്ര ഫിനോയിൽ മാത്രമേ ഉപയോഗിക്കാവൂയെന്ന് സർക്കാർ ഉത്തരവ്. മധ്യപ്രദേശിലെ പൊതുഭരണ വകുപ്പിന്റേതാണ് ഉത്തരവ്. രാസവസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഫിനോയിലിന് പകരം സർക്കാർ ഓഫീസുകൾ ഗോമൂത്രത്തിൽ നിന്ന് നിർമിക്കുന്ന ഫിനോയിൽ ഉപയോഗിക്കണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശർമ ഇറക്കിയ ഉത്തരവിൽ പറയുന്നു.
ഗോമൂത്രത്തിൽ നിന്നുള്ള ഫിനോയിൽ ഉപയോഗിക്കണമെന്ന തീരുമാനം നവംബറിൽ ചേർന്ന 'പശു മന്ത്രിസഭ' എടുത്തിരുന്നു. സംസ്ഥാനത്ത് ഗോക്കളുടെ സംരക്ഷണത്തിനും പശുവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. ഗോമൂത്ര ബോട്ട്ലിങ് പ്ലാന്റുകളും ഗോമൂത്ര ഫിനോയിൽ നിർമാണ ഫാക്ടറികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേംസിങ് പട്ടേൽ പറഞ്ഞു.
''പാലുൽപ്പാദനം നിർത്തിയ പശുക്കളെ ആരും തെരുവിൽ ഉപേക്ഷിക്കില്ല. ഇത് മധ്യപ്രദേശിലെ പശുക്കളുടെ അവസ്ഥക്ക് മാറ്റം കൊണ്ടുവരും''- മന്ത്രി പറഞ്ഞു. അതേസമയം, ഫിനോയിൽ നിർമിക്കുന്ന സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
''യാതൊരു അടിസ്ഥാന സംവിധാനവും നിർമിക്കാതെയാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. കന്നുകാലികളെയും കന്നുകാലികളിൽ നിന്ന് ലഭിക്കുന്ന ഉൽപന്നങ്ങളെയും പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ ആദ്യം സംസ്ഥാനത്ത് കുറച്ച് ഫാക്ടറികൾ തുറക്കുകയാണ് വേണ്ടിയിരുന്നത്. ഇനി ആവശ്യമായ ഫിനോയിൽ നിർമിക്കാനുള്ള ജോലി ഉത്തരാഖണ്ഡിലെ സ്വകാര്യ കമ്പനിക്ക് ലഭിക്കും''- കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരി പറഞ്ഞു.
എന്നാൽ ഇത് കോൺഗ്രസുകാരുടെ തെറ്റായ ചിന്തയാണെന്ന് ബി.ജെ.പി വക്താവ് രാഹുൽ കോത്താരി പറഞ്ഞു. ആവശ്യം ഇല്ലാതെ ആരെങ്കിലും ഫാക്ടറി സ്ഥാപിക്കാൻ താൽപര്യമെടുക്കുമോ? സംസ്ഥാന സർക്കാർ മികച്ച തീരുമാനമാണ് എടുത്തത്. മറ്റുള്ള സംസ്ഥാനങ്ങളും ഇത് പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്'' കോത്താരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

