മധ്യപ്രദേശിൽ വീണ്ടും ‘റിസോർട്ട് രാഷ്ട്രീയം’; രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് എം.എൽ.എമാരെ കർണാടകയിലേക്ക് മാറ്റുന്നു
text_fieldsഭോപാൽ: രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശിൽ എം.എൽ.എമാരെ ചാക്കിലാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. ഈ പശ്ചാത്തലത്തിൽ മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എമാരെ കർണാടകയിലെ റിസോർട്ടിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. ക്രോസ് വോട്ടിങ്ങും കൂറുമാറ്റവും തടയാനാണ് ഈ നീക്കമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
ജൂൺ 18ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ മൂന്ന് ഒഴിവുകളാണ് നികത്തേണ്ടത്. 229 അംഗങ്ങളുള്ള നിയമസഭയിൽ ഒരു സ്ഥാനാർഥിക്ക് ജയിക്കാൻ 58 ‘ഫസ്റ്റ് പ്രിഫറൻസ്’ വോട്ടുകൾ ആവശ്യമാണ്. 164 എം.എൽ.എമാരുള്ള ബി.ജെ.പിക്ക് രണ്ട് സീറ്റുകൾ ഉറപ്പാണെങ്കിലും മൂന്നാമത്തെ സീറ്റിനായി അപ്രതീക്ഷിതമായി മൂന്നാം സ്ഥാനാർഥിയെ കൂടി രംഗത്തിറക്കിയതോടെയാണ് രാഷ്ട്രീയ പോരാട്ടം കടുത്തത്.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, സംസ്ഥാന യൂണിറ്റ് സെക്രട്ടറി രജനീഷ് അഗർവാൾ എന്നിവരെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. മധ്യപ്രദേശ് മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ മഹേഷ് കെവാട്ടിനെയും മൂന്നാമത്തെ സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിക്കുകയായിരുന്നു.
മുൻ എം.പി മീനാക്ഷി നിരജ്ഞനെയാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. പാർട്ടിക്ക് ആവശ്യത്തിന് അംഗബലം ഉണ്ടെങ്കിലും ബി.ജെ.പി കൂറുമാറ്റ ശ്രമങ്ങൾ നടത്തുന്നുവെന്ന ആശങ്കയിലാണ് നേതൃത്വം. എല്ലാ കോൺഗ്രസ് എം.എൽ.എമാരെയും ബംഗളൂരുവിലേക്ക് മാറ്റാൻ തീരുമാനിച്ചതായി നിരവധി എം.എൽ.എമാർ സ്ഥിരീകരിച്ചു.
തിങ്കളാഴ്ച രാത്രി പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാറിന്റെ വസതിയിൽ കോൺഗ്രസ് നിയമസഭാ പാർട്ടി യോഗം ചേർന്നിരുന്നു. വോട്ടെടുപ്പ് ദിവസം വരെ എം.എൽ.എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനുള്ള നിർദേശം ചർച്ചചെയ്തതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ബി.ജെ.പി പണം വാഗ്ദാനം ചെയ്ത് എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് ഉമാങ് സിംഗാർ ആരോപിച്ചു. ചില അംഗങ്ങളെ നോട്ടുകെട്ടുകളുമായി സമീപിച്ചെങ്കിലും അവർ അത് തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ ബംഗളൂരുവിലേക്ക് എല്ലാ കോൺഗ്രസ് എം.എൽ.എമാരെയും മാറ്റുകയാണെന്ന് സാൻസർ എം.എൽ.എ വിജയ് രേവനാഥ് ചൗരെ അറിയിച്ചു. കോൺഗ്രസ് എം.എൽ.എമാരായ യാദവേന്ദ്ര സിങ്, ബാബു ജൻദേൽ എന്നിവരും ഈ നീക്കം സ്ഥിരീകരിച്ചു. കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി വേട്ടയാടാൻ ശ്രമിക്കുകയാണെന്നും അതിനാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തേക്ക് എം.എൽ.എമാരെ മാറ്റി നിർത്താനാണ് തീരുമാനമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പാർട്ടി ക്യാമ്പിനുള്ളിൽ ഭിന്നത സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ, ആരോപണങ്ങളിൽ ബി.ജെ.പി ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
നിലവിൽ കോൺഗ്രസിന് 64 എം.എൽ.എമാരാണുള്ളത്. ഒരു എം.എൽ.എക്ക് വോട്ട് ചെയ്യുന്നതിൽ കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആവശ്യമായ 58 വോട്ട് കോൺഗ്രസിന് സമാഹരിക്കാൻ കഴിയും. 2020ൽ ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം 22 കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്ന് കമൽനാഥ് സർക്കാരിന് അധികാരം നഷ്ടമായിരുന്നു. ഇതേ തുടർന്നാണ് കോൺഗ്രസിന്റെ മുൻകരുതൽ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

