Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightമാധ്യമങ്ങളും...

മാധ്യമങ്ങളും പൊതുസമൂഹവും സൗകര്യപൂര്‍വം മറന്നു കളഞ്ഞ മനുഷ്യൻ- മൗലാന ആസാദിനെ കുറിച്ചുള്ള കുറിപ്പ്​ വൈറൽ

text_fields
bookmark_border
മാധ്യമങ്ങളും പൊതുസമൂഹവും സൗകര്യപൂര്‍വം മറന്നു കളഞ്ഞ മനുഷ്യൻ-  മൗലാന ആസാദിനെ കുറിച്ചുള്ള കുറിപ്പ്​ വൈറൽ
cancel

കോഴിക്കോട്​: മൗലാന ബുൽ കലാം ആസാദിന്‍റെ 133ാം ജൻമദിനത്തിൽ എഴുത്തുകാരി സുധ മേനോൻ ഫേസ്​ ബുക്കിൽ പങ്കുവെച്ച കുറിപ്പ്​ വൈറലായിരിക്കുകയാണ്​. വി.ടി ബൽറാം അടക്കമുള്ള നിരവധി കോൺഗ്രസ്​ നേതാക്കളും പ്രമുഖരും കുറിപ്പ്​ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

കുറിപ്പിന്‍റെ പൂർണ രൂപം:

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഇന്നേവരെയുള്ള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റ് ആരായിരുന്നു എന്നറിയാമോ? 1923ല്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രത്യേക സെഷനില്‍ അധ്യക്ഷനായി തിരഞ്ഞെടുക്കുമ്പോള്‍ ആ മനുഷ്യന് വെറും മുപ്പത്തി അഞ്ച് വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. അതിനകം രണ്ട് തവണ ജയില്‍ശിക്ഷയും അദ്ദേഹം അനുഭവിച്ചു കഴിഞ്ഞിരുന്നു.

മാധ്യമങ്ങളും പൊതുസമൂഹവും സൗകര്യപൂര്‍വം മറന്നു കളഞ്ഞ ആ മനുഷ്യന്‍റെ ജന്മ നാളാണ് ഇന്ന്. 'മൗലാനാ അബുല്‍ കലാം ആസാദ്' എന്ന ധീരനും പ്രതിഭാശാലിയുമായ മനുഷ്യന്‍റെ..

1888 നവംബര്‍ 11 ന് മക്കയില്‍ വെച്ചാണ് ആസാദ് ജനിച്ചത്‌. ഇന്ന്, 133മത്തെ ജന്മദിനം. സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി കൂടിയായിരുന്ന ആസാദിന്‍റെ ജന്മദിനം ദേശിയ വിദ്യാഭ്യാസദിനം കൂടിയാണ്.

"ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരൊറ്റ ചരിത്ര-സാമൂഹ്യ-സാംസ്‌കാരിക പാരമ്പര്യത്തിന്‍റെ തുല്യഅവകാശികള്‍ ആണെന്നും, ആ ബോധം ജൈവികമായ ഒരു മാനവികതയുടെ ഭാഗമായി തന്നെ നമുക്കുള്ളില്‍ ഉടലെടുക്കേണ്ടതാണ്" എന്നും ഉള്ള ദല്‍ഹി കോണ്‍ഗ്രസ് സമ്മേളനത്തിലെ അദ്ദേഹത്തിന്റെ പ്രസംഗം വികാരവായ്പ്പോടെ ആണ് അന്ന് ഇന്ത്യ ഏറ്റെടുത്തത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഓര്‍മ്മകള്‍ മാഞ്ഞുപോയിട്ടില്ലാത്ത രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രസക്തമായിരുന്നു ആ വാക്കുകള്‍.

മൌലാനാ ആസാദ് മരണം വരെ അടിയുറച്ച കോണ്‍ഗ്രസ്സുകാരനും, അഹിംസാവാദിയും, ദേശിയവാദിയും, രാജ്യസ്നേഹിയും ആയിരുന്നു.ഹിന്ദു-മുസ്ലിം വര്‍ഗീയത പടർന്നുപിടിക്കാതിരിക്കാനും, ഇന്ത്യാവിഭജനം തടയാനും സമാനതകള്‍ ഇല്ലാത്ത ശ്രമങ്ങള്‍ ആണ് ആസാദ് നടത്തിയിരുന്നത്. ഉറുദുവും, പേര്‍ഷ്യനും, ഇംഗ്ലീഷും, ഹിന്ദിയും, അറബിയും, ബംഗാളിയും അടക്കമുള്ള ഭാഷകളില്‍ പ്രവീണനായ അദ്ദേഹം ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ ഉറുദു പണ്ഡിതന്‍ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഖുറാന്‍ വ്യാഖ്യാനം അതിന്റെ ആഴം കൊണ്ടും, മാനവികമായ വ്യാഖ്യാനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സര്‍ സയിദ് അഹമ്മദ് ഖാന്റെ ദ്വിദേശിയതാ വാദവും ബ്രിട്ടിഷ് കൂറും, അലിഗര്‍ മൂവ്മെന്റും ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയില്‍ അപകടകരമായ സ്വാധീനം ചെലുത്തികൊണ്ടിരുന്ന ഒരു കാലത്താണ് ആസാദ് ബഹുസ്വരദേശിയതയുടെ വിത്തുകള്‍ ഇന്ത്യന്‍ മുസ്ലിം യുവാക്കള്‍ക്കിടയില്‍ പാകി മുളപ്പിച്ചത് എന്നോർക്കണം. അതും തന്‍റെ യൗവനത്തിന്റെ ആരംഭത്തിൽ തന്നെ!

ആസാദ് തന്റെ രാഷ്ട്രീയം തുടങ്ങിയത് ജുഗാന്തര്‍, അനുശീലന്‍ സമിതി തുടങ്ങിയ തീവ്രവാദ സംഘടനകളിലൂടെയാണ്.തുടര്‍ന്ന്, വെറും 24 വയസ് പ്രായമുള്ളപ്പോള്‍ 'അല്‍ഹിലാല്‍' എന്ന ഉറുദുപത്രവുമായി ബ്രിട്ടീഷ്‌ ഭരണത്തിനു എതിരെ 1912 മുതല്‍ പോരാടുമ്പോള്‍ ഗാന്ധിജി ഇന്ത്യയില്‍ എത്തിയിട്ടില്ലായിരുന്നു. നെഹ്‌റു രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. പിന്നീട് 1920 ജനുവരിയിൽ ഗാന്ധിജിയെ കണ്ടുമുട്ടി നിസ്സഹകരണ പ്രസ്ഥാനത്തിൽ ഇറങ്ങിയപ്പോൾ മുതൽ അദ്ദേഹം സജീവ കോൺഗ്രസുകാരൻ ആയി. മരണം വരെ.

1922ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അവസരത്തില്‍ ആസാദ് സര്‍ക്കാരിനു കൊടുത്ത 30 പേജുള്ള മറുപടി ഇന്ത്യന്‍ ദേശിയതയെക്കുറിച്ചും രാജ്യസ്നേഹത്തെക്കുറിച്ചും എഴുതപ്പെട്ട ഹൃദയസ്പർശിയും പ്രൌഡഗംഭീരവുമായ ഏറ്റവും മികച്ച ഒരു പ്രബന്ധമായിരുന്നു എന്നാണു മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടത്. കൊളോണിയല്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച ആ മറുപടി എ ജി നൂറാനിയുടെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ട്രയല്‍സ് എന്ന പുസ്തകത്തില്‍ വിശദമായി കൊടുത്തിട്ടുണ്ട്. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയിലും ഒരു മുസ്ലിം എന്ന നിലയിലും ബ്രിട്ടിഷ് സര്‍ക്കാരിനു എതിരെ പോരാടേണ്ടത് തന്റെ കടമയാണ് എന്നും ഈ സര്‍ക്കാരിന്‍റെ ലെജിറ്റിമസി താന്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും ആസാദ് പറയുന്നുണ്ട്. ഒരു കോടതിയെയും ഭയമില്ലെന്നും, യേശു ക്രിസ്തുവിനും, ഗലീലിയോക്കും ,സോക്രട്ടീസിനും നിഷേധിക്കപ്പെട്ട നീതി തനിക്ക് നേരെയും തിരിയുന്നതില്‍ അഭിമാനമേയുള്ളൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്. ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ നിരുപാധികം മാപ്പ്‌ പറഞ്ഞവർ, ഇന്നത്തെ ഇന്ത്യയിൽ ധീരദേശാഭിമാനികൾ ആയി വാഴ്ത്തപ്പെടുമ്പോൾ ആണ് ആസാദ് പാടെ വിസ്മരിക്കപ്പെടുന്നത് എന്നോർക്കണം! സവർക്കറുടെ മാപ്പ് അപേക്ഷക്കൊപ്പം നമ്മൾ ചേർത്ത് വായിക്കേണ്ട ഒന്നാണ് കൽക്കത്ത കോടതിയോടുള്ള ആസാദിന്‍റെ മറുപടി. എന്താണ് രാജ്യസ്നേഹം, എന്താണ് ആത്മാഭിമാനം എന്ന ലളിതമായ ഉത്തരം നിങ്ങൾക്ക് കിട്ടും.

'മതേതരത്വമാണ് ഇന്ത്യയുടെ ചരിത്രപരമായ ഐഡന്‍റിറ്റി; വര്‍ഗീയത അല്ല' എന്ന് 1940ല്‍ രാംഗഡില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തിയതും, വിഭജനകാലത്ത്, ദില്ലിയിലെ ജുമാമസ്ജിദിന്റെ പടവുകളില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ മുസ്ലിങ്ങളോട് 'ഇതാണ് നിങ്ങളുടെ രാജ്യമെന്ന്' വികാരഭരിതമായി പറഞ്ഞുകൊണ്ടിരുന്നതും കറകളഞ്ഞ ബഹുസ്വരദേശിയവാദിയായിരുന്ന ആ മനുഷ്യനായിരുന്നു.

വിദ്യാഭ്യാസമന്ത്രി ആയിരിക്കെ സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെയും,വയോജനവിദ്യാഭ്യാസത്തിന്‍റെയും ശക്തനായ വക്താവ് ആയിരുന്നു ആസാദ്. UGCയും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് കള്‍ചറല്‍ റിലേഷന്‍സും മാത്രമല്ല ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഐ.ഐ.ടി.... ഇങ്ങനെ എത്രയെത്ര സ്ഥാപനങ്ങള്‍ക്കാണ് അദ്ദേഹം തുടക്കമിട്ടത്! ദേശിയ മുസ്ലിങ്ങളുടെ പ്ലാറ്റ്‌ഫോം ആയി മാറിയ ജാമിയ മിലിയ സർവകലാശാല തുടങ്ങിയത് ആസാദും, സക്കിർ ഹുസൈനും, മൗലാന മുഹമ്മദ് അലിയും ഹക്കിം അജ്‌മൽ ഖാനും ഒക്കെ ചേർന്ന് കൊണ്ടായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ വർഷങ്ങളിൽ ഇന്ത്യയിൽ ഉയർന്നു വന്ന മുസ്ലിം രാഷ്ട്രീയത്തിന്റെ സജീവമായ മുഖങ്ങൾ ആയിരുന്നു ജിന്നയും, മൗലാനാ മുഹമ്മദ്‌ അലിയും, അബുല്‍കലാം ആസാദും. ഈ മൂന്നു പേരില്‍ ആസാദ് മാത്രമാണ് തുടക്കം മുതല്‍ അവസാനം വരെ ഒരൊറ്റ രാഷ്ട്രീയത്തിന്‍റെ ശുഭ്രമായ നേര്‍രേഖയിലൂടെ മാത്രം സഞ്ചരിച്ചത്- പരമകാരുണികനായ അല്ലാഹുവിലും ബഹുസ്വരമായ ഇന്ത്യന്‍ദേശിയതയിലും ഉള്ള അചഞ്ചലമായ വിശ്വാസത്തിന്റെ പാതയില്‍.

ആദരണീയനായ മൗലാനാ ആസാദിന്‍റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abul kalam azadsudha menonmoulana azad
News Summary - moulana azad; Sudha Menon's fb post goes viral
Next Story