‘അമ്മമാർക്ക് ആൺമക്കളോട് അന്ധമായ സ്നേഹം; കൊടിയ ദുഷ്ടൻമാരായാലും രാജപുത്രൻമാരെ പോലെ പരിഗണിക്കുന്നു’ -കോടതി
text_fieldsഛണ്ഡിഗഢ്: ഇന്ത്യയിലെ കുടുംബാംഗങ്ങൾ പ്രത്യേകിച്ച് അമ്മമാർ, ആൺമക്കളെ അവർ എത്ര ദുഷ്ടൻമാർ ആയിരുന്നാലും ‘രാജാക്കൻമാരുടെ മക്കളെ’പോലെയാണ് പരിഗണിക്കുന്നതെന്ന ശ്രദ്ധേയമായ നിരീക്ഷണവുമായി പഞ്ചാബ് ഹരിയാന ഹൈകോടതി.
2018ൽ, അഞ്ചു വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 30 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷാ വിധിക്കെതിരെ അമ്മയുടെയും മകന്റെയും അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനൂപ് ചിത്കരയുടെയും സുഖ്‌വീന്ദർ കൗറിന്റെയും നിരീക്ഷണം. 30 വർഷത്തെ തടവിനു പുറമെ കുട്ടിയുടെ കുടുംബത്തിന് നൽകുന്നതിനായി പ്രതിക്ക് 30 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
‘നിർഭാഗ്യവശാൽ ഇന്ത്യയുടെ ഈ ഭാഗത്ത് കുടുംബാംഗങ്ങൾ പ്രത്യേകിച്ച് അമ്മമാർ പലപ്പോഴും അവരുടെ ആൺമക്കളോട് അന്ധമായ സ്നേഹം കാണിക്കുന്നു. അവർ എത്ര കഴിവുകെട്ടവരോ ദുഷ്ടന്മാരോ ആയിരുന്നാലും അവരെ ‘രാജ പുത്രൻമാരെ’ പോലെ കണക്കാക്കുന്നുവെന്നുമായിരുന്നു’ കോടതിയുടെ വാക്കുകൾ.
2018 മെയ് 31ന്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അവളുടെ പിതാവിന്റെ കീഴിലെ ജീവനക്കാരനായ പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇയാൾ പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് ബലാത്സംഗം ചെയ്ത് അടുക്കളക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. സാധനങ്ങൾ സൂക്ഷിക്കാൻ പ്രതിയുടെ അമ്മ ഉപയോഗിച്ചിരുന്ന ഒരു വലിയ കണ്ടെയ്നറിൽ മൃതദേഹം ഒളിപ്പിച്ചു. ആ സമയത്ത് ജോലിക്ക് പോയതായിരുന്നു അവർ.
പ്രതി വീട്ടിലേക്ക് പോകുമ്പോൾ കുട്ടിയെ ഇയാൾക്കൊപ്പം കണ്ടതായി ചില ഗ്രാമവാസികൾ പറഞ്ഞതിനെ തുടർന്ന് പ്രാദേശിക സ്കൂളിന്റെ വഴിയിൽ സ്ഥാപിച്ച സി.സി.ടി.വിയുടെ ഉടമയെ ബന്ധപ്പെട്ടു. കുട്ടിയെ കൊണ്ടുപോകുന്നത് വിഡിയോ റെക്കോഡുകളിൽ കണ്ടു. തുടർന്ന് കുടുംബാംഗങ്ങളും മറ്റുള്ളവരും പ്രതിയുടെ വീട്ടിലെത്തി. ആ സമയത്ത് അമ്മ അവിടെ ഉണ്ടായിരുന്നു.
പെൺകുട്ടിയെയും പ്രതിയെയും കുറിച്ച് അന്വേഷിച്ചപ്പോൾ അവിടെ ഇല്ലെന്ന് ഇവർ നിഷേധിച്ചു. തിരഞ്ഞുവന്നവർ അകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ കടത്തിവിട്ടുമില്ല. കോമ്പൗണ്ടിൽ കിടക്കുന്ന കണ്ടെയ്നർ കുട്ടിയുടെ ബന്ധുക്കളിൽ ഒരാളുടെ ശ്രദ്ധയിൽപെടുകയും പരിശോധിച്ചപ്പോൾ മൃതദേഹം അതിൽ കണ്ടെത്തുകയും ചെയ്തു. പ്രതിക്കെതിരെ ഐ.പി.സിയിലെ നിരവധി വകുപ്പകൾ പ്രകാരം കേസെടുത്തു. അമ്മക്കെതിരെയും ക്രിമിനൽ ഗൂഢാലോചന,തട്ടിക്കൊണ്ടുപോകൽ, തെളിവുകൾ അപ്രത്യക്ഷമാക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

