‘വൃക്ഷ മാതാവ്’ തിമ്മക്ക വിടവാങ്ങി
text_fieldsബംഗളൂരു: ‘വൃക്ഷ മാതാവ്’ എന്ന് അറിയപ്പെട്ടിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തക സാലുമരട തിമ്മക്ക അന്തരിച്ചു. 114 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1911 ജൂൺ 30ന് കർണാടകയിലെ തുംകൂരു ജില്ലയിലെ ഗുബ്ബി താലൂക്കിലായിരുന്നു ജനനം. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല. ഗ്രാമത്തിലെ ക്വാറിയിലെ തൊഴിലാളിയായിരുന്നു. രാമനഗര ജില്ലയിലെ ഹുലിക്കൽ ഗ്രാമത്തിലെ ചിക്കയ്യ വിവാഹം കഴിച്ചു. കുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാൻ വഴിയരികിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിക്കുകയും സ്വന്തം മക്കളെ പോലെ പരിപാലിക്കുകയുമായിരുന്നു.
ഹുളികൽ മുതൽ കുഡുർ വരെയുള്ള 45 കിലോമീറ്റർ ഹൈവേ റോഡിൽ 385 പേരാലുകളാണ് തിമ്മക്ക നട്ടുവളർത്തിയത്. 'മരങ്ങളുടെ നിര' എന്ന് കന്നടയിൽ അർഥമുള്ള ശാലുമാരദ എന്ന പേര് ലഭിക്കുന്നത് അങ്ങിനെയാണ്. ആല മാരദ തിമ്മക്ക എന്നും അറിയപ്പെടുന്നു. ആൽമരങ്ങളിൽ നിന്ന് തൈകൾ ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. കുഡുർ ഗ്രാമത്തിൽ അഞ്ചുകിലോമീറ്റർ വ്യത്യാസത്തിൽ തൈകൾ നട്ടു. ആദ്യവർഷം പത്തും പിന്നീട് 15ഉം അടുത്ത കൊല്ലം 20ഉം മരങ്ങൾ നട്ടു. തൈകൾ നനക്കാനായി വെള്ളസംഭരണികളും സജ്ജമാക്കി. ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കൾ കൊണ്ട് തൈകൾക്ക് സംരക്ഷണ വേലിയും തീർത്തു.
പിന്നീട് ഈ 385 മരങ്ങളുടെ പരിപാലനം കർണാടക സർക്കാർ ഏറ്റെടുത്തു. 2019ൽ ബാഗെപള്ളി-ഹലഗുരു റോഡ് വികസനത്തിന്‍റെ ഭാഗമായി മരങ്ങൾ മുറിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ അന്നത്തെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരെ തിമ്മക്ക കണ്ടതോടെ ആൽമരങ്ങൾ മുറിക്കാത്ത തരത്തിൽ പദ്ധതി മാറ്റുകയായിരുന്നു. ആകെ എണ്ണായിരത്തിലധികം മരങ്ങളാണ് തിമ്മക്ക നട്ടത്. 91ൽ ഭർത്താവ് മരിച്ചു.
പരിസ്ഥിതി പ്രവർത്തക തിമ്മക്കക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്ത്യാഞ്ജലി അർപ്പിക്കുന്നു
2019ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. പത്മശ്രീ നൽകുന്ന ചടങ്ങിൽ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചത് വാർത്തയായിരുന്നു. ഓണററി ഡോക്ടറേറ്റും നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. മന്ത്രിപദവിയോടെയുള്ള സംസ്ഥാന പരിസ്ഥിതി അംബാസഡറായി നിയമിച്ചിരുന്നു. തിമ്മക്കയുടെ ജീവിതം അടയാളപ്പെടുത്തുന്ന നിരവധി ഡോക്യുമെന്‍ററികൾ പുറത്തിറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

