മൂന്ന് കുട്ടികളുടെ അമ്മയായ 30കാരി മതംമാറി പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ വിവാഹം ചെയ്തു
text_fieldsലഖ്നോ: യു.പിയിലെ അംരോഹയിൽ മൂന്ന് കുട്ടികളുടെ അമ്മയായ 30കാരി ഹിന്ദുമതം സ്വീകരിച്ച് പന്ത്രണ്ടാം ക്ലാസുകാരനെ വിവാഹം ചെയ്തു. ഷബ്നം എന്ന സ്ത്രീയാണ് മതംമാറി ‘ശിവാനി’ എന്ന പേര് സ്വീകരിച്ച് വീണ്ടും വിവാഹിതയായത്. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഹസൻപൂർ പൊലീസ് പറഞ്ഞു.
ശിവാനി മീററ്റ് സ്വദേശിയായ യുവാവിനെ വിവാഹം ചെയ്തിരുന്നെങ്കിലും പിന്നീട് അത് വിവാഹമോചനത്തിലേക്ക് എത്തി. ശേഷം, സൈദൻവാലി സ്വദേശിയായ തൗഫിക്കിനെ വിവാഹം കഴിച്ചു. 2011 ൽ ഉണ്ടായ റോഡപകടത്തിൽ തൗഫിക്കിന് സാരമായി പരിക്കേറ്റു.
അടുത്തിടെ, ശിവാനി പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ 18 വയസ്സുള്ള ശിവയുമായി പ്രണയത്തിലായി. കഴിഞ്ഞ ആഴ്ച തൗഫിക്കിൽ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് മതംമാറുകയും ശിവയെ വിവാഹം കഴിക്കുകയും ചെയ്തത്.
മകന്‍റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും, ദമ്പതികൾ സന്തുഷ്ടരായി ജീവിക്കുന്നുവെങ്കിൽ തങ്ങൾക്കും അതിൽ സന്തോഷമുണ്ടെന്നും ശിവയുടെ പിതാവായ ദത്തറാം സിങ് പ്രതികരിച്ചു. അവർക്ക് സമാധാനപരമായി ജീവിക്കാൻ കഴിയണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു.
മതപരിവർത്തന നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് യു.പി. ഈ സാഹചര്യത്തിൽ കേസിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും കൂടുതൽ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

