Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഈ രീതിയിലുള്ള ചികിത്സ...

‘ഈ രീതിയിലുള്ള ചികിത്സ തുടർന്നാൽ ഈ ആളുകൾ എന്നെ കൊല്ലും’; പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
‘ഈ രീതിയിലുള്ള ചികിത്സ തുടർന്നാൽ ഈ ആളുകൾ എന്നെ കൊല്ലും’; പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
cancel

ഭോപാൽ: മധ്യപ്രദേശിലെ റീവ ജില്ലയിലുള്ള സഞ്ജയ് ഗാന്ധി മെമ്മോറിയൽ സർക്കാർ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. മരണത്തിന് തൊട്ടുമുമ്പ് യുവതി സഹായം അഭ്യർഥിച്ചുകൊണ്ടുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചിട്ടുണ്ട്. ഹാത്വാ സ്വദേശിനിയായ 25 കാരി കൽപ്പനയാണ് പ്രസവത്തിനിടയിൽ ദാരുണമായി മരണപ്പെട്ടത്. തന്റെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു അവർ. ആസ്റ്റ് 25ന് രാത്രിയാണ് കൽപ്പനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 26ന് രാത്രി 8.30 ഓടെ അവർ കുഞ്ഞിന് ജന്മം നൽകി. എന്നാൽ തൊട്ടുപിന്നാലെ കൽപ്പനയും നവജാത ശിശുവും മരണപ്പെടുകയായിരുന്നു.

മരണത്തിന് തൊട്ടുമുമ്പ് കൽപന വാർഡിൽ വെച്ച് അലറിക്കരയുന്നതും ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ‘ഈ രീതിയിലുള്ള ചികിത്സ തുടർന്നാൽ ഈ ആളുകൾ എന്നെ കൊല്ലും... എനിക്ക് ജീവനോടെയിരിക്കാൻ കഴിയില്ല, ദയവായി എന്നെ രക്ഷിക്കൂ’-എന്ന് കൽപ്പന അമ്മയോട് പറയുന്നതും വീഡിയോയിലുണ്ട്. എന്നാൽ നഴ്സിങ് ജീവനക്കാർ ഇവരെ തടയാൻ ശ്രമിക്കുന്നതും ഇതിനിടയിൽ ഒരു ജീവനക്കാരൻ ‘നിങ്ങൾക്ക് ഭ്രാന്ത് പിടിച്ചോ’ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കൽപനയുടെ മരണത്തിന് പൂർണ ഉത്തരവാദികൾ ആശുപത്രി അധികൃതരാണെന്ന് കുടുംബം ആരോപിക്കുന്നു. കൃത്യസമയത്ത് ഡോക്ടർമാർ പരിശോധന നടത്തിയില്ലെന്നും, അനസ്തേഷ്യ അമിതമായി നൽകിയതാണ് ബോധം തിരികെ ലഭിക്കാത്തതിനും മരണത്തിനും കാരണമെന്നും കൽപ്പനയുടെ പിതാവ് രാംശരൺ മിശ്ര ആരോപിച്ചു.

യുവതിയുടെ മരണമറിഞ്ഞ് രോഷാകുലരായ ബന്ധുക്കൾ ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തി. ഡോക്ടർമാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്നവരെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട കുടുംബം, നടപടി ഉണ്ടാകുന്നതുവരെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ലെന്ന് നിലപാടെടുത്തു. ഒടുവിൽ ഡീൻ ഡോ. സുനിൽ അഗർവാളും ആശുപത്രി സൂപ്രണ്ട് ഡോ. രാഹുൽ മിശ്രയും സ്ഥലത്തെത്തി കുടുംബവുമായി നടത്തിയ ചർച്ചയെ തുടർന്ന് ജില്ല ആശുപത്രിയിലെ ഡോക്ടർമാരെവെച്ച് പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനമായി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന സാധന വർമ്മ, സീമ മുജാൽഡെ എന്നീ രണ്ട് നഴ്സിങ് ഓഫിസർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണ കമ്മറ്റിയെയും നിയോഗിച്ചു.

മെഡിക്കൽ പ്രോട്ടോക്കോൾ പാലിച്ചാണ് ചികിത്സ നൽകിയതെന്നും ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ. രാഹുൽ മിശ്രയുടെ വിശദീകരണം. എങ്കിലും കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ഡീൻ ഡോ. സുനിൽ അഗർവാൾ വ്യക്തമാക്കി.

മധ്യപ്രദേശിലെ സർക്കാർ ആരോഗ്യ മേഖലയിലുള്ള ഗുരുതര പ്രതിസന്ധിയും ഈ സംഭവം വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്. 2025-26 ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ 72 ശതമാനത്തിലധികം തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ 6,513 മെഡിക്കൽ ഓഫിസർ തസ്തികകളിൽ 2,689 എണ്ണവും നികത്തപ്പെടാതെ കിടക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PregnantHospital deathMother deathNewborn Died
News Summary - MP mother, newborn die after delivery; disturbing video surfaces
Next Story