സ്ത്രീകൾക്ക് പ്രതിമാസം 1.5 ലക്ഷം വരുമാനമുണ്ടെന്നത് കുട്ടിയെ സംരക്ഷിക്കാനുള്ള പിതാവിന്റെ ബാധ്യത കുറയ്ക്കില്ല': സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: കുട്ടിയുടെ മാതാവിന് പ്രതിമാസം 1.5 ലക്ഷം രൂപ വരുമാനമുണ്ടെന്നത് കുട്ടിയുടെ പരിപാലനത്തിനായുള്ള പിതാവിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും ജീവിതച്ചെലവുകൾ വഹിക്കാനും മാതാപിതാക്കൾക്ക് തുല്യ ഉത്തരവാദിത്തമുണ്ടെന്നും, അമ്മയ്ക്ക് മികച്ച വരുമാനമുണ്ടെന്ന് കാണിച്ച് പിതാവിന് തന്റെ ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വിവാഹമോചന കേസിൽ കുട്ടിക്ക് ജീവനാംശമായി പ്രതിമാസം നിശ്ചിത തുക നൽകാൻ ഫാമിലി കോടതിയും ഹൈകോടതിയും ഉത്തരവിട്ടിരുന്നു. എന്നാൽ, സ്വന്തമായി മികച്ച ജോലിയുള്ള മാതാവിന് പ്രതിമാസം 1.5 ലക്ഷം രൂപയോളം വരുമാനമുണ്ടെന്നും അതിനാൽ താൻ നൽകേണ്ട തുകയിൽ ഇളവ് വരുത്തണമെന്നും ആവശ്യപ്പെട്ട് പിതാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഹരജി പരിഗണിച്ച ജസ്റ്റിസുമാരടങ്ങിയ ബെഞ്ച് പിതാവിന്റെ വാദങ്ങൾ പൂർണമായും തള്ളി. ഒരു കുട്ടിക്ക് മാതാവിൽ നിന്നും പിതാവിൽ നിന്നും തുല്യമായ സംരക്ഷണവും അവകാശങ്ങളും ലഭിക്കേണ്ടതുണ്ട്. അമ്മ സ്വന്തം കാലിൽ നിൽക്കുന്ന സാമ്പത്തിക ശേഷിയുള്ള വ്യക്തിയാണെന്നത് കൊണ്ട് മാത്രം കുട്ടിയെ നല്ല രീതിയിൽ വളർത്തുന്നതിനും വിദ്യാഭ്യാസ-ആരോഗ്യ ആവശ്യങ്ങൾക്കുമായി സാമ്പത്തിക പിന്തുണ നൽകാനുള്ള പിതാവിന്റെ കടമ ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന സ്ത്രീയാണെങ്കിലും കുട്ടിയുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ പിതാവിന്റെ പങ്ക് അനിവാര്യമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഫാമിലി കോടതിയുടെയും ഹൈകോടതിയുടെയും ഉത്തരവുകൾ ശരിവെക്കുകയും പിതാവിന്റെ ഹരജി തള്ളുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

