പീഡന ശ്രമം; അമ്മയും മകളും ട്രെയിനിൽ നിന്നും ചാടി
text_fieldsകാൺപൂർ: പീഡന ശ്രമത്തിനിടെ അമ്മയും മകളും ട്രെയിനിൽ നിന്നും ചാടി. ഹൗറ ജോദ്പൂർ എക്സ്പ്രസിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് അമ്മ പറയുന്നതിങ്ങനെ ഇരുവരും കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ട്രെയിൻ ഹൗറ വിട്ടപ്പോൾ 15 പേർ കോച്ചിലെത്തുകയും തുടർന്ന് മോശമായി പെരുമാറാനും, ഉപദ്രവിക്കാനും തുടങ്ങി. ചിലർ മകളുടെ ശരീരത്തിലും സ്പർശിച്ചു. ഇതേ തുടർന്ന് അടുത്ത സ്റ്റേഷനിൽ ട്രെയിൽ നിർത്തിയപ്പോൾ റെയിൽവേ പൊലീസിനോട് പരാതിപെട്ടു. പൊലീസ് കംപാർട്ടുമെന്റിൽ എത്തുകയും കൂട്ടത്തിലെ മൂന്ന് പേരെ പിടിച്ചു കൊണ്ടു പോവുകയും ചെയ്തു. എന്നാൽ അൽപ സമയം കഴിഞ്ഞ് പൊലീസിന് പണം നൽകി ഇവർ തിരികെ മടങ്ങിയെത്തുകയും പഴയതിലും മോശമായി തന്നെ ഉപദ്രവം തുടരുകയും ചെയ്തു.
ഇടയിലെപ്പോഴോ ശുചി മുറിയിലേക്ക് പോയ മകളുടെ കരച്ചിൽ കേട്ട് ഒാടിയെത്തിയപ്പോൾ മകളെ ശുചി മുറിയിലേക്ക് വലിച്ചിഴക്കുന്ന കാഴ്ചയാണ് കണ്ടത്. പിടി വലിയിൽ മകളുടെ വസ്ത്രങ്ങളും കീറി. മറ്റൊരു വഴിയുമില്ലാതെ വന്നതിനാൽ തങ്ങൾ ചാടുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു.
ട്രെയിനിൽ നിന്നും ചാടിയ ഇരുവരും മണിക്കൂർ നേരത്തേക്ക് അബോധാവസ്ഥായിലായിരുന്നു. ബോധം തിരിച്ച് കിട്ടിയ ശേഷം തനിയെ നടന്ന് ചാന്ദരി റെയിൽവേ സ്റ്റേഷനിൽ എത്തുകയുമായിരുന്നു. തുടർന്ന് മറ്റു യാത്രക്കാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും റെയിൽവേ പൊലീസ് അറിയിച്ചു.
