ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയാളെ അമ്മയും മകളും ചേർന്ന് തല്ലികൊന്നു
text_fieldsകോയമ്പത്തൂർ: ഫോണിലൂടെ അശ്ലീല സംഭാഷം നടത്തിയാളെ അമ്മയും മകളും ചേർന്ന് തല്ലികൊന്നു. കോയമ്പത്തൂർ സ്വദേശിയായ എൻ.പെരിയസ്വാമിയാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് കോയമ്പത്തൂർ പെരിയാർ നഗർ സ്വദേശിയായ ധനലക്ഷ്മിക്ക് പെരിയസ്വാമിയുടെ കോൾ വരുന്നത്. തെറ്റായ നമ്പറാണ് ഡയൽ ചെയ്തതെന്ന് പെരിയസ്വാമിയോട് പറഞ്ഞുവെങ്കിലും ഇയാൾ ഫോൺവിളി തുടരുകയും അശ്ലീലം പറയുകയുമായിരുന്നു. ധനലക്ഷ്മി ഈ വിവരം അമ്മയെ അറിയിക്കുകയും ഇരുവരും ചേർന്ന് ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു.
വീട്ടിലെത്തിയ പെരിയസ്വാമിയെ ധനലക്ഷ്മിയും അമ്മയും ചേർന്ന് വടികൊണ്ട് മർദിച്ചു. തലക്കും കാലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റ പെരിയസ്വാമി ഇവരുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് പുറത്തേക്ക് ഓടിയെങ്കിലും കുഴഞ്ഞു വീണു. പിന്നീട് നാട്ടുകാരാണ് റോഡരികിൽ ഒരാളുടെ മൃതദേഹം കിടക്കുന്നുണ്ടെന്ന് പൊലീസിനെ അറിയിച്ചത്. ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് കോയമ്പത്തൂർ പൊലീസ് അറിയിച്ചു.

