പട്ടിണി: യു.പിയിൽ അമ്മയും രണ്ട് കുട്ടികളും മരിച്ചു
text_fieldsലക്നൗ: യു.പിയിൽ ഒരാഴ്ച്ചക്കിടെ അമ്മയും രണ്ട് കുട്ടികളും പട്ടിണി മരണം മൂലം മരിച്ചുവെന്ന് വാർത്തകൾ. കുശിനഗറിലാണ് സംഭവമുണ്ടായത്. ഡയറിയയാണ് മരണത്തിന് കാരണമെന്നാണ് ഒൗദ്യോഗിക ഭാഷ്യം. അതേ സമയം, പട്ടിണിയും പോഷകാഹാര കുറവും മൂലമാണ് മരണമുണ്ടായതെന്നാണ് ഗ്രാമീണർ അറിയിക്കുന്നത്.
30 വയസുകാരിയായ സംഗീതയും മകൻ സൂരജുമാണ് സെപ്തംബർ ഏഴിന് മരണപ്പെട്ടത്. സംഗീതയുടെ ഭർത്താവ് വീരേന്ദ്ര കൂലിപ്പണിക്കാരനാണ്. സംഭവം നടന്ന ദിവസം സംഗീതക്കും മകനും അസുഖം വന്നതിനെ തുടർന്ന് വീരേന്ദ്ര ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിൽസക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്.
സംഗീതയുടെ അഞ്ചാമത്തെ കുട്ടിയായ ഗീത സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. കുടുംബത്തിന് റേഷൻ കാർഡ് ഉണ്ടായിരുന്നുവെങ്കിലും സംഭവത്തിന് ശേഷം നടത്തിയ പരിശോധനയിൽ ഇവരുടെ വീട്ടിൽ ഭക്ഷ്യധാന്യങ്ങളൊന്നും ഇല്ലെന്ന് വ്യക്തമായി. പോഷകാഹാരം എല്ലാവർക്കും ലഭ്യമാക്കുന്നതിനായി യു.പി സർക്കാർ കാമ്പയിനുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സംസ്ഥാനത്ത് പട്ടിണി മരണം റിപ്പോർട്ട് ചെയ്യുന്നത്.
