Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭൂരിഭാഗം...

ഭൂരിഭാഗം വിമാനാപകടങ്ങളും സംഭവിക്കുന്നത് ലാൻഡിങ്ങിലും ടേക്ക് ഓഫിലും, എന്തുകൊണ്ട്?

text_fields
bookmark_border
ഭൂരിഭാഗം വിമാനാപകടങ്ങളും സംഭവിക്കുന്നത് ലാൻഡിങ്ങിലും ടേക്ക് ഓഫിലും, എന്തുകൊണ്ട്?
cancel

ന്യൂഡൽഹി: ആഗോളത്തലത്തിൽ തന്നെ ഭൂരിഭാഗം വിമാനാപകടങ്ങളും സംഭവിക്കുന്നത് ലാൻഡിങ്ങിലും ടേക്ക് ഓഫിലുമെന്ന് പഠനം. ലാൻഡിങ്ങിന്‍റെയും ടേക് ഓഫിന്‍റെയും വളരെ കുറഞ്ഞ സമയത്തിനിടയിലാണ് ഭൂരിഭാഗം അപകടങ്ങളും സംഭവിക്കുന്നതെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. എന്തുകൊണ്ടാണിങ്ങനെ?

അഹ്മദാബാദ് വിമാനാപകടത്തിന്‍റെ കാരണമെന്തെന്ന് ഇതുവരെ വെളിവായിട്ടില്ല. കാരണമെന്തെന്ന് കണ്ടുപിടിക്കാൻ മാസങ്ങൾ എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. കാരണം എന്തുതന്നെയായാലും ഭൂരിഭാഗം വിമാനാപകടങ്ങളും സംഭവിക്കുന്നത് ലാൻഡിങ്ങിനും ടേക്ക് ഓഫിലുമാണ്. അതല്ലെങ്കിൽ ഇതിനു രണ്ടിനും തൊട്ടുമുൻപുള്ള സമയങ്ങളിലാണ്.

എയർ ഇന്‍റർനാഷണൽ ട്രാൻസ്പോർട്ട് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത് ലാൻഡിങ്ങിനിടെയാണ് ടേക് ഓഫിനേക്കാൽ കൂടുതൽ അപകട സാധ്യതയെന്നാണ്. 2005 മുതൽ 2023 വരെയുള്ള വിമാനാപകടങ്ങളിൽ 53 ശതമാനവും സംഭവിച്ചിരിക്കുന്നത് ലാൻഡിങ്ങിനിടെയാണ്. 8.5 ശതമാനം അപകടങ്ങൾ സംഭവിച്ചിരിക്കുന്നത് ടേക്ക് ഓഫിനിടെയും.

ടേക്ക് ഓഫും ലാൻഡിങ്ങും മാരകമാകുന്നതെങ്ങനെ?

കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത് ഫ്ലൈറ്റ് യാത്രയുടെ ഏറ്റവും പ്രാധാന്യമേറിയതും എന്നാൽ അപകടം പിടിച്ചതുമായ സമയം ടേക്ക് ഓഫും ലാൻഡിങ്ങുമാണെന്നാണ്. എന്തുകൊണ്ടെന്ന ചോദ്യത്തിന് ഈ മേഖലയിലെ വിദഗ്ധർ നൽകുന്നഏറ്റവും തൃപ്തികരമായ ഉത്തരം ഈ സമയത്ത് പൈലറ്റിന് തീരുമാനമെടുക്കാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുന്നുള്ളൂ എന്നതാണ്.

'36000 അടി ഉയരത്തിൽ പറക്കുമ്പോൾ പൈലറ്റിന് ആലോചിക്കാനും തീരുമാനമെടുക്കാനും സഹപൈലറ്റുമായി ചർച്ച ചെയ്യാനും എല്ലാം ധാരാളം സമയം ലഭിക്കുന്നുണ്ട്. രണ്ട് എൻജിനുകളും പ്രവർത്തനരഹിതമായാൽ പോലും ഫ്ളൈറ്റ് താഴേക്ക് വീഴില്ല. ആകാശത്ത് ഗ്ലൈഡ് ചെയ്തു നിൽക്കും. ഫ്ലൈറ്റ് സുരക്ഷിതമായി ഇറക്കാനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള ചെറിയ സമയം പൈലറ്റിന് ലഭിക്കുകയും ചെയ്യും. എന്നാൽ തറനിരപ്പിനോട് ചേർന്നുനിൽക്കുമ്പോൾ ഇത്തരത്തിൽ പറക്കൽ സാധ്യമല്ല.' ബിസിനസ് ഇൻസൈഡറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

മാത്രമല്ല, പലതരം പാരിസ്ഥിതിക പ്രതിഭാസങ്ങൾ ലാൻഡിങ്ങിനെയും ടേക് ഓഫിനെയും സ്വാധീനിക്കാനിടയുണ്ട്. അതായത് കണക്കുകൂട്ടലിനും അപ്പുറത്ത് എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണെന്നർഥം. അതായത് ഒരേ നിരപ്പിൽ പറക്കുന്നതിനേക്കാൾ കൂടുതൽ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അന്തരീക്ഷ മർദത്തിൽ നിന്നും മറ്റും എയർക്രാഫ്റ്റിന്‍റെ ചിറകുകൾക്ക് അനുഭവപ്പെടും. കാലാവസ്ഥക്കനുസരിച്ച് ഇത് വ്യത്യാസപ്പെടാം. അർധരാത്രിയിലോ വലിയ കാലാവസ്ഥ വ്യതിയാനമുള്ള സ്ഥലങ്ങളിലോ ഇത്തരം തടസങ്ങൾ വർധിക്കാനും സാധ്യതയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം മുൻകൂട്ടി അറിയാനുള്ള ശേഷി പൈലറ്റിന് ഉണ്ടായിരിക്കണം. ഒരു ചെറിയ പിഴവു പോലും വലിയ അപകടങ്ങളിലേക്കാണ് നയിക്കുക.

ടേക് ഓഫ് സമയങ്ങളിൽ എയർ ക്രാഫ്റ്റിന് വലിയ സമ്മർദ്ദമാണ് അനുഭവപ്പെടുക. പ്രത്യേകിച്ചും ഗുരുത്വാകർഷണത്തിനെതിരെ നൂറുകണക്കിന് ടൺ ഭാരമുള്ള എയർക്രാഫ്റ്റ് തറനിരപ്പിൽ നിന്നും ഉയരുമ്പോൾ വലിയ സമ്മർദ്ദമനുഭവപ്പെടുന്നതും ടേക് ഓഫ് പരാജയപ്പെടാനുള്ള കാരണങ്ങളിലൊന്നാണ്.

എല്ലാത്തിനും ഉപരിയായി പൈലറ്റിന് ഏറ്റവും കൂടുതൽ ഭയവും സമ്മർദ്ദവും അനുഭവപ്പെടുന്ന സമയമാണ് ലാൻഡിങ്ങുകൾ. സാങ്കേതികമായി പറഞ്ഞാൽ വിമാനം പറത്തലിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമാണിത്. പലവിധ നിരീക്ഷണങ്ങളിലൂടെയാണ് ഒരു പൈലറ്റ് ഈ സമയം കടന്നുപോകേണ്ടത്. കാറ്റിന്‍റെ വേഗവും ദിശയും, എയർക്രാഫ്റിന്‍റെ ഭാരം എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കണം താൻ നിയന്ത്രിക്കുന്ന എയർക്രാഫ്റ്റിന്‍റെ ലാൻഡിങ്ങും വേഗവും സംബന്ധിച്ച് പൈലറ്റ് തീരുമാനങ്ങൾ എടുക്കേണ്ടത്. തീരുമാനങ്ങൾ എടുക്കുമ്പോൾ പൈലറ്റിന്‍റെ നിഗമനങ്ങളിലുണ്ടാകുന്ന പിഴവ് കൊണ്ട് അപകടങ്ങൾ ഉണ്ടാകാറുണ്ട്.

മാത്രമല്ല, താഴ്ന്നുപറക്കുമ്പോഴാണ് പക്ഷി കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളും ഇളക്കങ്ങളും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും എല്ലാം ഉണ്ടാകുക.

ഏറ്റവും സുരക്ഷിതം വിമാനയാത്ര തന്നെ

പക്ഷെ എന്തൊക്കെ പറഞ്ഞാലും ഏറ്റവും സുരക്ഷിതമായ യാത്രാ മാർഗം ഏതെന്ന് ചോദിച്ചാൽ വിമാന യാത്ര എന്നായിരിക്കും ഉത്തരം. കണക്കുകളും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്. ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2005 മുതൽ 2023 വരെയുള്ള കാലയളവിൽ വാണിജ്യ വിമാനങ്ങളിൽ ഉണ്ടായ അപകടനിരക്ക് 4.9ൽ നിന്ന് 1.9 ആയി കുറഞ്ഞിട്ടുണ്ട്. വിമാനാപകടങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും അപകടത്തിനിരയായവരുടെ എണ്ണത്തിൽ വ്യതിയാനം സംഭവിക്കുന്നുണ്ട്. വിമാനാപകടങ്ങളിൽ ആകെ മരിച്ച 911 പേരിൽ 60 ശതമാനം പേരും മരിച്ചത് 2014ൽ സംഭവിച്ച രണ്ട് അപകടങ്ങളിലാണ്.

ഇന്നത്തെ എയർ ക്രാഫ്റ്റുകൾ വളരെ നന്നായി നിർമിച്ചവയും വിശ്വാസ യോഗ്യവും ഏത് പ്രതികൂല അവസ്ഥയേയും നേരിടാൻ സുസജ്ജവുമാണ്. പൈലറ്റുമാർ ആധുനിക സൗകര്യങ്ങൾ ഉപയോഗിക്കുന്നവരും പരിശീലനം സിദ്ധിച്ചവരുമാണ്. കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാനും വിവരങ്ങൾ ശേഖരിക്കാനും കഴിയുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് എയർക്രാഫ്റ്റുകളിൽ ഉപയോഗിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plane CrashTake OffLandingAhmedabad Plane Crash
News Summary - Most plane accidents happen during landing and takeoff, why?
Next Story