ഇന്ത്യയിലെത്തിച്ച അനധികൃത കുടിയേറ്റക്കാരിൽ കൂടുതലും ഗുജറാത്ത്, ഹരിയാന സ്വദേശികൾ; സൈനിക വിമാനം പഞ്ചാബിൽ ഇറക്കിയതിലും വിമർശനം
text_fieldsന്യൂഡൽഹി: അമേരിക്കയിൽ നിന്ന് സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ച അനധികൃത കുടിയേറ്റക്കാരുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നെത്തിയ 104 അനധികൃത കുടിയേറ്റക്കാരിൽ കൂടുതലും ഗുജറാത്ത്, ഹരിയാന സ്വദേശികളാണ്.
ഗുജറാത്ത്, ഹരിയാന കൂടാതെ, പഞ്ചാബ്, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ചണ്ഡിഗഢ് സ്വദേശികളെയും യു.എസ്. സൈനിക വിമാനത്തിൽ പഞ്ചാബിലെ അമൃത്സറിൽ എത്തിച്ചിട്ടുണ്ട്. ഗുജറാത്ത് -33, ഹരിയാന -33, പഞ്ചാബ് -30, ഉത്തർ പ്രദേശ്-3, മഹാരാഷ്ട്ര-3, ചണ്ഡിഗഢ്- 2 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്ക്.
നാടുകടത്തപ്പെട്ട 104 പേരിൽ 75 പുരുഷന്മാരും 25 സ്ത്രീകളും ഉൾപ്പെടും. ഇതിൽ 12 പേർ പ്രായപൂർത്തിയാകാത്തവരാണ്. കൂടാതെ, 48 പേർ 25 വയസിന് താഴെ പ്രായമുള്ളവരുമാണ്. ഗുജറാത്തിൽ നിന്നുള്ള നാലു വയസുകാരനാണ് ആദ്യ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആൾ.
അതേസമയം, അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ടവരുമായി ഇന്ത്യയിലേക്ക് വന്ന സൈനിക വിമാനം അമൃത്സറിൽ ഇറക്കിയത് സംബന്ധിച്ചും വിമർശനം ഉയരുന്നുണ്ട്. കൂടുതൽ ആളുകൾ എത്തിയ ഗുജറാത്തിലോ ഹരിയാനയിലോ വിമാനം ഇറക്കാതെ പഞ്ചാബിൽ ഇറക്കിയതാണ് വിമർശനത്തിന് ഇടയാക്കിയത്.
104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയും വഹിച്ചു കൊണ്ടുള്ള അമേരിക്കയിലെ ടെക്സസിൽ നിന്ന് പുറപ്പെട്ട യു.എസ് വ്യോമസേന വിമാനം ഉച്ചക്ക് രണ്ട് മണിയോടെയാണ് പഞ്ചാബിലെത്തിയത്. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരായ 18,000 പേരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനം നടപ്പാക്കുന്നതിന്‍റെ തുടക്കമാണിത്.
ഇന്ത്യൻ എംബസി വഴി പൗരത്വം ഉറപ്പുവരുത്തിയ ശേഷമാണ് 104 പേരെ ഇന്ത്യയിലേക്ക് കയറ്റിവിട്ടത്. 1100 ഇന്ത്യക്കാരെ കഴിഞ്ഞ വർഷം അമേരിക്ക തിരിച്ചയച്ചിരുന്നുവെങ്കിലും ചരിത്രത്തിലാദ്യമായാണ് സൈനിക വിമാനത്തിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. ഇന്ത്യയുമായി കൂടിയാലോചന നടത്തിയാണ് 104 അനധികൃത കുടിയേറ്റക്കാരുമായി വ്യോമസേനയുടെ ആദ്യ വിമാനം യു.എസ് ഇന്ത്യയിലേക്ക് അയച്ചത്.
ട്രംപ് രണ്ടാമതും പ്രസിഡന്റ് പദത്തിലെത്തിയ ശേഷമുള്ള ആദ്യ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരാഴ്ച കഴിഞ്ഞ് യു.എസിലേക്ക് പോകാനിരിക്കേയാണിത്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള ട്രംപിന്റെ നീക്കത്തെ ഇന്ത്യ പിന്തുണച്ചിരുന്നു. വാഷിങ്ടണിൽ നടത്തിയ വാർത്തസമ്മേളനത്തിൽ കേന്ദ്ര വിദേശ മന്ത്രി എസ്. ജയ്ശങ്കർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.