‘‘ഭൂരിപക്ഷം ഹിന്ദു മത നേതാക്കളും ഹിന്ദുത്വ എന്ന ആശയത്തോട് യോജിക്കുന്നില്ല...’’
text_fieldsനിഖിൽ മണ്ഡലപാർഥി
ന്യൂഡൽഹി: രാജ്യത്തെ മുസ്‌ലിംകളോടുള്ള സമീപനത്തിലും, ഹിന്ദു - മുസ്‌ലിം ബന്ധം വഷളായ നിലവിലെ അവസ്ഥയിലും ആശങ്കാകുലരാണ് രാജ്യത്തെ ഭൂരിഭാഗം ഹിന്ദു മത നേതാക്കളുമെന്ന് ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സിന്‍റെ ഡെപ്യൂട്ടി എക്സിക്യുട്ടീവ് ഡയറക്ടർ നിഖിൽ മണ്ഡലപാർഥി. ഹിന്ദുത്വ ദേശീയവാദി ഗ്രൂപ്പുകളെ ഭയന്ന് ഇക്കാര്യം സംസാരിക്കാൻ പോലും രാജ്യത്തെ വിവിധ ഹിന്ദു മത-സമുദായ നേതാക്കൾ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്. കഴിഞ്ഞ ഫെബ്രുവരി - മാർച്ച് മാസങ്ങളിലായി ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സിന്‍റെ പ്രതിനിധികൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ ‘പ്രേമ യാത്ര’ എന്ന പേരിൽ യാത്ര സംഘടിപ്പിച്ചിരുന്നു. ഒമ്പത് സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്രയിൽ ഡൽഹി, മുംബൈ, തിരുവനന്തപുരം അടക്കം 12 നഗരങ്ങളിലും, ഹരിദ്വാർ, വാരാണസി, അയോധ്യ തുടങ്ങിയ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലും, നിരവധി ഗ്രാമങ്ങളിലും സംഘം എത്തി. ഓരോ സ്ഥലങ്ങളിലെയും പ്രമുഖരായ 30ഓളം ഹിന്ദു മത നേതാക്കളുമായും വിവിധ ഹിന്ദു സമുദായ നേതാക്കളുമായും സംഘം ചർച്ച നടത്തി. ഈ കൂടിക്കാഴ്ചകളിൽ കണ്ടെത്തിയ കാര്യങ്ങൾ ‘ദി വയറി’നുവേണ്ടി കരൺ ഥാപ്പറിന് അനുവദിച്ച അഭിമുഖത്തിലാണ് നിഖിൽ വെളിപ്പെടുത്തിയത്.
തങ്ങൾ കണ്ടുമുട്ടിയ ഭൂരിപക്ഷം ഹിന്ദു മത നേതാക്കളും ഹിന്ദുത്വ എന്ന ആശയത്തോട് യോജിക്കുന്നില്ലെന്നാണ് നിഖിൽ പറയുന്നത്. ‘‘ധർമ്മത്തെക്കുറിച്ചുള്ള തന്റെ ആശയം മനുഷ്യത്വത്തിൽ നിന്ന് വേർതിരിക്കാനാവാത്തതാണെന്നാണ് വാരണാസിയിലെ ഒരു ക്ഷേത്ര പുരോഹിതൻ ഞങ്ങളോട് പറഞ്ഞത്. ഹിന്ദു ദേശീയതയുടെ വിപരീതമായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. ഇന്ത്യക്ക് ഒരിക്കലും ഒരു മതം മാത്രമുണ്ടായിരുന്നില്ല. ഇതൊരു ബഹുസ്വര ഭൂമിയാണ്. മതപരമായ വൈവിധ്യമാണ് ഇന്ത്യക്കാരൻ എന്നതിന്റെ കാതൽ -എന്നാണ് ഹരിയാനയിലെ ഒരു സ്വാമി ഞങ്ങളോട് പറഞ്ഞത്.’’
കണ്ടുമുട്ടിയ പല ഹിന്ദു മതനേതാക്കൾക്കൾക്കും ഹിന്ദുത്വ ദേശീയവാദികളെക്കുറിച്ചുള്ള ആഴത്തിലുള്ള ഭയം കണ്ട് സ്തബ്ധമായിപ്പോയെന്ന് നിഖിൽ പറയുന്നു. ‘‘ഭൂരിപക്ഷം ഹിന്ദുമത നേതാക്കളും, ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലെ ബന്ധം വഷളായ ഇപ്പോഴത്തെ അവസ്ഥയിലും മുസ്‌ലിംകളോട് പെരുമാറുന്ന രീതിയിലും ആശങ്കാകുലരാണ്. എന്നാൽ അവർക്കത് പരസ്യമായി സംസാരിക്കാൻ ഭയമാണ്. അടച്ചിട്ട മുറിയിൽ സ്വകാര്യമായി നടത്തിയ ചർച്ചയിൽ മാത്രമാണ് തങ്ങളുടെ ചിന്തകളും ആശങ്കകളും പ്രകടിപ്പിക്കാൻ അവർ തയാറായത്. പല നേതാക്കളും ഹിന്ദുത്വ ദേശീയവാദികളിൽനിന്ന് അക്രമം നേരിട്ടവരായിരുന്നു. അവരുടെ ആശ്രമങ്ങളും ക്ഷേത്രങ്ങളും നേരത്തെ നശിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. എതിരഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ മാവോവാദികളെന്നാണ് അവരെ കുറ്റപ്പെടുത്തുന്നത്.’’
തങ്ങൾ പരിചയപ്പെട്ട ഭൂരിപക്ഷം ഹിന്ദുക്കളായ സാധാരണക്കാരും മതേതര മനസ്സുള്ളവരായിരുന്നെന്നും നിഖിൽ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്നും ഹിന്ദു ദേശീയവാദി ഗ്രൂപ്പുകളുടെ രോഷം ഭയന്ന് സംസാരിക്കാൻ മടിക്കുകയാണെന്നും നിഖിൽ പറയുന്നു.
ഇത്തരത്തിൽ പ്രതീക്ഷയേകുന്ന പ്രചോദിപ്പിക്കുന്ന കാര്യങ്ങൾക്കൊപ്പം ഏറെ ആശങ്കയുളവാക്കുന്ന യാഥാർത്ഥ്യങ്ങളും കാണാനായെന്ന് നിഖിൽ മണ്ഡലപാർഥി വെളിപ്പെടുത്തി. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തോടുള്ള വിദ്വേഷവും വെറുപ്പും പല ഹിന്ദുക്കൾക്കുമിടയിൽ ആഴത്തിൽ പതിഞ്ഞു കിടക്കുകയാണെന്ന് നേരിട്ടു കണ്ട് അറിഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. പല ഹിന്ദു മതനേതാക്കളും ഇന്ത്യൻ മുസ്‌ലിംകളെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ലെന്നും മനസ്സിലായെന്നും അദ്ദേഹം വിശദീകരിച്ചു.
‘‘മഹാരാഷ്ട്രയിലെ പ്രമുഖ സമ്പന്ന വൈഷ്ണവ സമുദായത്തിലെ ഒരു സ്വാമിയെ കണ്ടു. മുസ്‌ലിംകളെക്കാളും ക്രിസ്ത്യാനികളെക്കാളും വിവേചനം രാജ്യത്തെ ഹിന്ദുക്കൾ നേരിടുന്നുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ഗ്രാമപ്രദേശങ്ങളിലെ ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും ആർ.എസ്.എസ് നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണെന്ന് ഉത്തർ പ്രദേശിലെ ഒരു ആശ്രമ ട്രസ്റ്റി അംഗം പറഞ്ഞു. ധ്രുവീകരണത്തിന്റെ വിത്തുകൾ പാകാൻ തങ്ങളുടെ അംഗങ്ങളെ ആശ്രമങ്ങളിലേക്ക് ആർ.എസ്.എസ് അയക്കാറുണ്ടെന്നും ട്രസ്റ്റി അംഗം പറഞ്ഞു.’’ - നിഖിൽ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

