ബോംബ് ഭീഷണി; 244 പേരുമായി മോസ്കോ-ഗോവ വിമാനം ഗുജറാത്തിൽ ഇറക്കി
text_fields244 പേരുമായി മോസ്കോയിൽ നിന്ന് ഗോവയിലേക്കുള്ള ചാർട്ടേഡ് വിമാനം ഗുജറാത്തിലെ ജാംനഗറിലേക്ക് വഴിതിരിച്ചുവിട്ടു. ഗോവ എയർ ട്രാഫിക് കൺട്രോളർക്ക് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് അധികൃതർ അറിയിച്ചു. “236 യാത്രക്കാരെയും എട്ട് ക്രൂ അംഗങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. പൊലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും ചേർന്ന് വിമാനം പരിശോധിച്ചു വരികയാണെന്ന് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് അശോക് കുമാർ യാദവ് പറഞ്ഞു. വിമാനം ഐസൊലേഷൻ ബേയിലാണെന്ന് ജാംനഗർ എയർപോർട്ട് അധികൃതർ അറിയിച്ചു.
മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന അസൂർ എയർ വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായതായി ഇന്ത്യൻ അധികൃതർ എംബസിയെ അറിയിച്ചു. വിമാനം ജാംനഗർ ഇന്ത്യൻ എയർഫോഴ്‌സ് ബേസിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. അധികൃതർ പരിശോധന നടത്തിവരികയാണ്. വിമാനത്തിൽ സമഗ്രമായ പരിശോധന നടത്തിവരുന്നു -റഷ്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.

