കത്തോലിക്ക വൈദികനെതിരെ കൂടുതൽ ഇരകൾ രംഗത്ത്; പോക്‌സോ കേസിൽ ജാമ്യം
text_fieldsമംഗളൂരു: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ കത്തോലിക്ക വൈദികൻ ഫാ. സിപ്രിയൻ പിന്റോക്കെതിരെ കൂടുതൽ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇരകൾ രംഗത്ത്. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ്, തങ്ങൾ കുട്ടികളായിരുന്ന കാലത്ത് വൈദികനിൽ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നാണ് രണ്ടുപേർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
മംഗളൂരു വലൻസിയ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരിയായിരുന്ന 65 കാരനായ ഫാ. സിപ്രിയൻ പിന്റോയെ കഴിഞ്ഞ ഒക്ടോബർ 17 നാണ് പോക്‌സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 18ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഇദ്ദേഹത്തിന് ഒക്ടോബർ 30 നാണ് ജാമ്യം ലഭിച്ചത്.
1988 ൽ വൈദികപട്ടം സ്വീകരിച്ച ഫാ. സിപ്രിയൻ പിന്റോ മംഗളൂരു രൂപതക്ക് കീഴിലുള്ള എട്ട് വിവിധ പള്ളികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുപ്പത് വർഷം മുമ്പ് പുതിയ വികാരിയായി എത്തിയ കാലത്ത് തന്റെ വീട്ടിലെത്തിയ വൈദികൻ ലൈംഗികമായി പീഡിപ്പിച്ചതായി സ്റ്റാനി എന്ന യുവാവ് വ്യക്തമാക്കി.
അന്ന് ഭയവും പ്രതികൂല സാഹചര്യങ്ങളും കാരണം പരാതി നൽകാൻ കഴിഞ്ഞിരുന്നില്ല. അൾത്താര ബാലനായി സേവനം അനുഷ്ഠിച്ചിരുന്ന തനിക്ക് പിന്നീടും പലതവണ ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സ്റ്റാനി വെളിപ്പെടുത്തിയതായി ‘ദി ന്യൂസ് മിനിറ്റ്’ റിപ്പോർട്ട് ചെയ്യുന്നു. സമാനമായ അനുഭവം ഡെൻസിൽ എന്ന മറ്റൊരാളും തുറന്നുകാട്ടിയിട്ടുണ്ട്. അൾത്താര ബാലനായിരുന്ന തന്നെ ഫാ. സിപ്രിയൻ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഡെൻസിലിന്റെ ആരോപണം. ആദ്യം വളരെ സൗഹൃദപരമായി ഇടപഴകിയ ശേഷമായിരുന്നു അതിക്രമങ്ങളെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
2026 മേയ് മാസത്തിലാണ് ഫാ. സിപ്രിയൻ പിന്റോ വലൻസിയ സെന്റ് വിൻസെന്റ് ഫെറർ പള്ളിയിൽ വികാരിയായി ചുമതലയേറ്റത്. ഇവിടെവെച്ച് 14 വയസുകാരൻ ഉൾപ്പെടെ അഞ്ച് ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഒക്ടോബർ 15 ന് മംഗളൂരു സൗത്ത് പൊലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഇതിനുപുറമേ, പെർമന്നൂർ സ്വദേശിയായ മറ്റൊരു ആൺകുട്ടിയുടെ പരാതിയിൽ നവംബർ ആദ്യവാരം മംഗളൂരു വനിതാ പൊലീസ് സ്റ്റേഷനിലും വൈദികനെതിരെ രണ്ടാമതൊരു പോക്‌സോ കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊലീസ് കേസെടുക്കുന്നതിന് മുൻപ്, 14 കാരനായ കുട്ടി മംഗളൂരു ബിഷപ്പിന് അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രൂപത ആഭ്യന്തര അന്വേഷണം നടത്തുകയും, ആഗസ്റ്റ് 26ന് വൈദികനെ ഭരണപരമായ ചുമതലകളിൽ നിന്ന് മാറ്റിനിർത്തി അവധിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ വിവരം അറിഞ്ഞിട്ടും സഭാ അധികൃതർ പൊലീസിൽ വിവരം അറിയിക്കാൻ വൈകിയതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
അതേസമയം, ഇരകളാക്കപ്പെട്ട കുട്ടികളെയും അവരുടെ കുടുംബങ്ങളെയും നിയമനടപടികളിൽ നിന്നും പരാതി നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ പള്ളി ഭാരവാഹികളിൽ ചിലർ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയതായും ആക്ഷേപമുണ്ട്. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മൈസൂരു ആസ്ഥാനമായുള്ള ‘ഒഡനാടി സേവാ സംസ്ഥ’ എന്ന സന്നദ്ധ സംഘടന കർണാടക ഹൈക്കോടതിയുടെ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്.

