കോവിഡ് പിടി വിടുന്നില്ല; ദിവസവും ഒന്നര ലക്ഷത്തിലധികം രോഗികൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 839 പേർ മരിച്ചു. 90,584 പേർ രോഗമുക്തരായി.
പുതിയ രോഗികളുടെ 80.92 ശതമാനവും മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിൽനിന്നാണ്. ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 11,08,087 ആയി. മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, കർണാടക, കേരളം, ഉത്തർപ്രദേശ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 70.82 ശതമാനവും.
അതേസമയം, നാഗാലാൻഡ്, ത്രിപുര, മേഘാലയ, സിക്കിം, മിസോറം, മണിപ്പൂർ, ദാദ്ര-നാഗർഹവേലി, ദാമൻ-ദിയു, ലക്ഷദ്വീപ്, അന്തമാൻ-നികോബാർ ദ്വീപ്, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ മരണങ്ങളില്ല.
രോഗവ്യാപനം പെരുകുന്ന സാഹചര്യത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഡൽഹിയിൽ മെട്രോയിലും ബസിലും പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കൂ. വിവാഹച്ചടങ്ങിൽ 50 പേർക്കും മരണവീട്ടിൽ 20 പേർക്കും മാത്രമാണ് അനുമതി. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജനങ്ങളെ ഉണർത്തി. ഏഴു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് ഹിമാചൽ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല.
അതിനിടെ, രാജ്യത്ത് 10 കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

