ഗസ്സയിൽ 24 മണിക്കൂറിനിടെ 200ലധികം മരണം; ഇസ്രായേലിന് വീണ്ടും യു.എസ് ആയുധങ്ങൾ
text_fieldsന്യൂയോർക്/ഗസ്സ: വെടിനിർത്തലിനായി ലോകരാജ്യങ്ങളിൽനിന്ന് സമ്മർദം ശക്തമാകുമ്പോഴും ഗസ്സയിലെ കൂട്ടക്കുരുതിക്ക് അമേരിക്കൻ കോൺഗ്രസ് അംഗീകാരത്തിന് കാത്തുനിൽക്കാതെ 147.5 ദശലക്ഷം ഡോളറിന്റെ ആയുധങ്ങൾ ഇസ്രായേലിന് കൈമാറാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനം. എം107 155 എം.എം ഷെല്ലുകളും അനുബന്ധ ഉപകരണങ്ങളുമാണ് അടിയന്തരമായി നൽകുകയെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.
ഇസ്രായേലിന്റെ സുരക്ഷ അമേരിക്കയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണെന്നും സ്വയം പ്രതിരോധത്തിനുള്ള അവരുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകേണ്ടത് അനിവാര്യമാണെന്നും യു.എസ് പ്രതിരോധ ഏജൻസി വാർത്തക്കുറിപ്പിൽ അറിയിച്ചു. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് അമേരിക്ക ഇസ്രായേലിന് ആയുധം കൈമാറുന്നത്. വിദേശരാജ്യത്തിന് ആയുധ വിൽപന നടത്തണമെങ്കിൽ അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. എന്നാൽ, അടിയന്തര ആവശ്യം പരിഗണിച്ചാണ് അംഗീകാരത്തിന് കാത്തുനിൽക്കാതെ യു.എസ് ശേഖരത്തിൽനിന്നുതന്നെ ആയുധങ്ങൾ നൽകുന്നത്.
അതിനിടെ, ഗസ്സയിലെ ഖാൻ യൂനുസിലും നുസൈറാത്, ബുറൈജ് അഭയാർഥി ക്യാമ്പുകളിലും ഇസ്രായേൽ സേന ബോംബാക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 200ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഗസ്സയിലെ ആകെ മരണം 21,672 ആയി. 56,165 പേർക്ക് പരിക്കുണ്ട്.
വടക്കൻ ഗസ്സയിൽ ഹമാസ് നേതാവ് യഹ്യ സിൻവാറിന്റേതെന്ന് കരുതുന്ന ഭൂഗർഭ ഒളിത്താവളം തകർത്തതായി ഇസ്രായേൽ സേന അവകാശപ്പെട്ടു. ഇസ്രായേലിന്റെ ഡ്രോണും അഞ്ച് സൈനിക ടാങ്കുകളും തകർത്തതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു.
ഗസ്സയിൽ വംശഹത്യ നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് അടിയന്തരമായി പരിഗണിക്കണമെന്നും വെടിനിർത്തലിന് ഇടപെടണമെന്നും ദക്ഷിണാഫ്രിക്ക അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ, തെറ്റായ ആരോപണമാണിതെന്നും കേസ് തള്ളിക്കളയണമെന്നും ഇസ്രായേൽ ആവശ്യപ്പെട്ടു. വെടിനിർത്തൽ ചർച്ചക്കായി ഹമാസ് നേതാക്കൾ ഈജിപ്തിലെ കൈറോയിലെത്തിയെങ്കിലും കാര്യമായ പുരോഗതിയില്ലെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

