ഗുണ്ടൽപേട്ടിൽ 20 ലേറെ കുരങ്ങുകൾ ചത്ത നിലയിൽ
text_fieldsഗുണ്ടൽപേട്ടിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്ത നിലയിൽ
ബംഗളൂരു: ചാമരാജനഗർ മലെ മഹാദേശ്വര ഹിൽസ് വന്യജീവി സങ്കേതത്തിൽ തള്ളക്കടുവയെയും നാല് കുഞ്ഞുങ്ങളെയും വിഷം നൽകി കൊലപ്പെടുത്തിയതിന് പിന്നാലെ, ചാമരാജനഗറിലെ ഗുണ്ടൽപേട്ടിൽ 20 ലേറെ കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. ഇവയെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
മരണകാരണം കണ്ടെത്താൻ വനം വകുപ്പ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. സംഭവത്തിൽ വേട്ടക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. ബുധനാഴ്ച രാവിലെ 6.30ഓടെയാണ് ബന്ദിപ്പൂർ ബഫർസോൺ മേഖലയിൽ കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. ചാക്കിൽ കെട്ടിയശേഷം കണ്ടെഗള-കൊളസേഗ റോഡരികിൽ തള്ളിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
വഴിയാത്രക്കാരാണ് സംശയകരമായ നിലയിൽ ചാക്കുകെട്ടുകൾ കണ്ടെത്തിയത്. തുടർന്ന് ചാക്കുകൾ തുറന്നുനോക്കിയപ്പോൾ കുരങ്ങുകളുടെ ജഡം കണ്ടെത്തി. ഇവയിൽ രണ്ടെണ്ണത്തിന് ജീവനുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ ഗുണ്ടൽപേട്ട് വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നാട്ടുകാർക്കിടയിൽ രോഷം ഉയർന്നിട്ടുണ്ട്.
ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ചാമരാജ് നഗർ ജില്ലയിൽ എം.എം ഹിൽസിൽ അഞ്ചു കടുവകളെ വിഷം നൽകി കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ കേസിന്റെ അന്വേഷണം പുരോഗതിയിലാണ്.
തങ്ങളുടെ പ്രദേശത്ത് കുരങ്ങുകളെ കൂട്ടക്കൊല ചെയ്തിട്ടില്ലെന്നും മറ്റൊരു ഗ്രാമത്തിൽ നിന്നുള്ള ആരോ പാതകം ചെയ്ത ശേഷം കുരങ്ങുകളുടെ ശവം തങ്ങളുടെ ഗ്രാമത്തിലെ ഹൈവേയിൽ ഉപേക്ഷിക്കുകയായിരുന്നെന്നും പ്രദേശവാസിയായ ശിവമൂർത്തി ആരോപിച്ചു.
തങ്ങൾക്ക് കുരങ്ങുകളുടെ ഒരു ശല്യവും ഉണ്ടായിരുന്നില്ലെന്നും അവയെ തങ്ങൾ ദൈവത്തെപ്പോലെ ആരാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയ നാട്ടുകാർ, കുറ്റവാളികൾക്കെതിരെ വനംവകുപ്പ് കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കുരങ്ങുകളെ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം ശ്രദ്ധതിരിക്കാനായി ബന്ദിപ്പൂർ ബഫർസോണിൽ കൊണ്ടുവന്നു തള്ളിയതാകാമെന്നുതന്നെയാണ് വനംവകുപ്പിന്റെയും നിഗമനം.
വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരും ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി. പ്രദേശത്തെ റോഡിന് സമീപത്തെ വീടുകളിലെയും കടകളിലെയും ഫാം ഹൗസുകളിലെയും സി.സി.ടി.വി ദൃശ്യങ്ങളും തേടിപ്പിടിച്ചുവരുകയാണ്.
ഇതുവഴി ചാക്കുകെട്ടുകൾ കൊണ്ടുവന്ന വാഹനത്തെ കണ്ടെത്താനാകുമെന്ന കണക്കുകൂട്ടലിലാണ് വനംവകുപ്പിന്റെ അന്വേഷണ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

