കൂടുതൽ അറസ്റ്റുകൾ, മാർക്കറ്റുകൾ വിജനം, വീടുകൾ പൂട്ടിക്കിടക്കുന്നു; ഭയത്തിലമർന്ന് ബറേലി
text_fieldsലക്നോ: മാർക്കറ്റുകളിൽ ഉപഭോക്താക്കളില്ലാതെ വിജനമായിരിക്കുന്നു. പ്രദേശത്തെ വീടുകൾ പലതും അടച്ചിട്ടിരിക്കുന്നു. അറസ്റ്റിലായവരിൽ പലരുടെയും കുടുംബങ്ങൾ ഭയത്തിലാണ്. വീടുകൾ പൊളിക്കുന്നത് നിർത്തണമെന്ന് ഭരണകൂടത്തോട് ആവർത്തിച്ച് അഭ്യർഥനകൾ ഉയരുന്നു.
‘ഐ ലവ് മുഹമ്മദ്’ വിവാദത്തെത്തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട് അഞ്ച് ദിവസത്തിനു ശേഷവും ബറേലി സമാധാനത്തിലേക്ക് മടങ്ങിയിട്ടില്ല. അക്രമം ബാധിച്ച പ്രദേശങ്ങളിലെ റോഡുകളിലും മാർക്കറ്റുകളിലും അടയാളങ്ങൾ മുഴച്ചുനിൽക്കുന്നു. ‘കാര്യങ്ങൾ എപ്പോൾ സാധാരണമാകുമെന്ന് ഞങ്ങൾക്ക് അറിയില്ല’ എന്ന് 1995 മുതൽ പ്രദേശത്ത് പുസ്തകശാല നടത്തുന്ന 70കാരനായ റാസാഉർറഹ്മാൻ പറഞ്ഞു. എല്ലായിടത്തും പൊലീസുണ്ട്. ആളുകൾ ഭയത്തിലാണ്. ആരും ഈ പ്രദേശത്തേക്ക് വരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അക്രമത്തെത്തുടർന്ന് ആളുകൾ വീടുകളിൽ നിന്നും പോയി. അവശേഷിക്കുന്നവർ പുറത്തിറങ്ങുന്നുമില്ല - പ്രദേശത്തെ മറ്റൊരു കടയുടമയായ ഷബ്ബാൻ പറഞ്ഞു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് അറസ്റ്റിലായവരിൽ ചിലരുടെ വീടുകളിലുള്ളവർ പറയുന്നു.
ഏറ്റവും പുതിയ അറസ്റ്റുകളോടെ ആകെ എണ്ണം 82 ആയി. സെപ്റ്റംബർ 26ന് നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇത്തിഹാദെ മില്ലത്ത് കൗൺസിൽ (ഐ.എം.സി) മേധാവി മൗലാന തൗഖീർ ഖാന്റെ ഒമ്പത് അനുയായികളെ കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. വെടിവെപ്പിൽ കാലിന് പരിക്കേറ്റ രണ്ട് പേർ ഉൾപ്പെടെയാണിത്.
സഹാറൻപൂരിൽ നിന്നുള്ള കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് ബറേലി സന്ദർശനത്തിന് മുമ്പ് തന്നെ വീട്ടുതടങ്കലിലാക്കിയതായി പറഞ്ഞു. ക്രമസമാധാന പ്രശ്നം സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് എം.പിയുടെയും സമാജ്‍വാദി പാർട്ടി നേതാവ് ഷാനവാസ് ഖാന്റെയും വീടിനു ചുറ്റും ഉദ്യോഗസ്ഥരെ വിന്യസിച്ചുവെന്നാണ് സഹാറൻപൂർ പൊലീസിന്റെ വാദം. ‘ഞങ്ങൾ അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കിയിട്ടില്ല. മറിച്ച് സേനയെ വിന്യസിച്ചതാണ്’ എന്ന് സഹാറൻപൂർ എസ്.പി വ്യോമ് ബിൻഡാൽ പറഞ്ഞു.
‘ഷാനവാസും ഞാനും ബറേലിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാനിരിക്കുകയായിരുന്നു. രണ്ട് മണിക്കൂറിനകം മടങ്ങാൻ പദ്ധതിയിട്ടിരുന്നു. എന്നിട്ടും, സാഹചര്യം നല്ലതല്ല എന്ന ന്യായീകരണം പറഞ്ഞ് ഞങ്ങളെ അവർ തടഞ്ഞു. ഞങ്ങൾ സമാധാനമുണ്ടാക്കാൻ നോക്കുന്നവരാണ്. സാഹചര്യം ശാന്തമാക്കാനല്ലാതെ അത് വഷളാക്കാനല്ല’- എന്ന് ഇമ്രാൻ മസൂദ് പറഞ്ഞു. പള്ളികളിലെ ഉച്ചഭാഷിണികളിൽ നിന്ന് രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തുന്നതിനെ താൻ ശക്തമായി എതിർക്കുന്നുവെന്നും ഒരു പള്ളി ആരാധനാലയമാണ്. രാഷ്ട്രീയ അജണ്ടകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള വേദിയല്ല എന്നും ഐ.എം.സി മേധാവിയായ മൗലാന തൗഖീർ ഖാനെ മസൂദ് വിമർശിച്ചു.
യോഗി ആദിത്യനാഥ് സർക്കാർ പ്രശ്നം കൈകാര്യം ചെയ്തതിനെ പ്രതിപക്ഷം വിമർശിച്ചു. സർക്കാർ സമാധാനം ആഗ്രഹിക്കുന്നില്ല എന്ന് അവർ പറഞ്ഞു. ‘അവർക്ക് വേണ്ടത് വിഷയം കത്തിക്കുകയും അതിനു ചുറ്റും പ്രചാരണം നടത്തുകയും ചെയ്യുക എന്നതാണ്. നിങ്ങൾക്ക് ഇത് സാംബാലിലും ഇപ്പോൾ ഇവിടെ ബറേലിയിലും കാണാൻ കഴിയും. രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ യോഗി സർക്കാർ ആഗ്രഹിക്കുന്നുവെന്നും’ യു.പി കോൺഗ്രസ് മേധാവി അജയ് റായ് പറഞ്ഞു.
സെപ്റ്റംബർ നാലിന് കാൺപൂരിലെ മൊഹല്ല സയ്യിദ് നഗർ പ്രദേശത്തെ ജാഫർ വാലി ഗലിയിൽ നബിദിനാഘോഷത്തോടനുബന്ധിച്ച് ഉയർത്തിയ ‘ഐ ലവ് മുഹമ്മദ്’ ബാനറിന്റെ പേരിലാണ് സംഘർഷങ്ങൾ ഉടലെടുത്തത്. പുതിയ ആഘോഷ രീതിയാണിതെന്നും അനുവദിക്കില്ലെന്നും വ്യക്തമാക്കി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ രംഗത്തുവന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. പിന്നാലെ മുസ്‍ലിം യുവാക്കൾക്കെതിരെ യു.പി പൊലീസ് ഏകപക്ഷീയായി കേസെടുക്കുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായ ഉയർന്ന കടുത്ത പ്രതിഷേധമാണ് ‘ഐ ലവ് മുഹമ്മദ് കാമ്പയിൻ ’ ആയി മാറിയത്. ഉത്തരഖണ്ഡ്, ഗുജറാത്ത് ഉൾപ്പെടെ സംസ്ഥാനകളിലും കാമ്പയിൻ പ്രചരിക്കുകയും, ബാനറുകൾക്കും പോസ്റ്ററുകൾക്കുമെതിരെ പൊലീസ് നടപടി ആരംഭിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

