ചാന്ദ്രമനുഷ്യൻ ‘ബംഗളൂരു നഗരത്തിൽ’; വൈറലായി പ്രതിഷേധം Video
text_fieldsബംഗളൂരു: ചന്ദ്രയാൻ-2ലെ വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബംഗളൂരു നഗരത്തിലെ റോഡിലെത്തിയ ചാന്ദ്ര മനുഷ്യെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾക്ക് സമാനമായുള്ള നഗര റോഡുകളിലെ കുഴികൾ നികത്താത്തതിനെതിരെ കലാകാരനും ആക്ടിവിസ്റ്റുമായ ബാദൽ നഞ്ചുണ്ട സ്വാമി നടത്തിയ പ്രതിഷേധമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. രാത്രിയിൽ ബഹിരാകാശ യാത്രികെൻറ വേഷം ധരിച്ചുകൊണ്ട് ബംഗളൂരുവിലെ തുംഗനഗർ മെയിൻ റോഡിലെ ഗർത്തങ്ങൾക്കിടയിലൂടെ നടന്നുകൊണ്ടാണ് നഞ്ചുണ്ട സ്വാമി ബംഗളൂരു കോർപറേഷനെതിരെ പ്രതിഷേധിച്ചത്.
ചന്ദ്രോപരിതലത്തിലൂടെ വളരെ കഷ്ടപ്പെട്ട് നടക്കുന്ന ബഹിരാകാശ യാത്രികെൻറ ചിത്രമാണ് ആദ്യം വിഡിയോയിൽ കാണിക്കുന്നത്. കുഴികൾകൊണ്ട് മൂടിയ രാത്രിയിലെ റോഡിെൻറ ദൃശ്യം ചന്ദ്രോപരിതലമാണെന്ന് ഒറ്റനോട്ടത്തിൽ ആദ്യം വിശ്വസിച്ചുപോകും. എന്നാൽ, ചന്ദ്ര മനുഷ്യനെ കടന്നുപോകുന്ന ഒാട്ടോറിക്ഷ കാണുമ്പോൾ മാത്രമാണ് ഇത് റോഡാണെന്ന് വ്യക്തമാകുക. ഇതിനുമുമ്പും വിവിധവിഷയങ്ങളിൽ വ്യത്യസ്തമായ രീതിയിൽ നഞ്ചുണ്ട സ്വാമി പ്രതിഷേധം നടത്തിയിട്ടുണ്ട്. നഗര റോഡുകളുെട ശോച്യാവസ്ഥക്കെതിരെ ഇതുവരെ 25ലധികം പ്രതിഷേധ പരിപാടിയാണ് നഞ്ചുണ്ട സ്വാമി നടത്തിയിട്ടുള്ളത്.
കർണാടക ഹൈകോടതി ഉത്തരവിനെ തുടർന്ന് നഗര റോഡുകളിലെ 3000ത്തോളം കുഴികൾ അടക്കാനുള്ള പ്രവൃത്തി ഊർജിതമാണെന്ന് ബി.ബി.എം.പി പറയുന്നുണ്ടെങ്കിലും ഇപ്പോഴും പല റോഡുകളിലും വലിയ ഗർത്തങ്ങളാണുള്ളത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ തുംഗനഗർ മെയിൻ റോഡിലെ ഗർത്തങ്ങൾ അടക്കുന്ന പ്രവൃത്തിയും ബി.ബി.എം.പി ഉടനെ ആരംഭിച്ചു. നഞ്ചുണ്ട സ്വാമിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് ട്വിറ്ററിൽ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
നഗരത്തിലെ മറ്റു പലഭാഗങ്ങളിലുമെത്തി സമാനമായ രീതിയിൽ പ്രതിഷേധം നടത്താനും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ തകർന്ന റോഡുകളിലും ഇത്തരം പ്രതിഷേധം നടത്താനാകുമോ എന്നും ചിലർ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. തെൻറ പ്രതിഷേധത്തെ തുടർന്ന് റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനുള്ള അധികൃതരുടെ തീരുമാനത്തിൽ നഞ്ചുണ്ട സ്വാമി നന്ദിയറിയിച്ചു.
Hello bbmp @BBMPCOMM @BBMP_MAYOR @bbm #thelatest #streetart #nammabengaluru #herohalli pic.twitter.com/hsizngTpRH
— baadal nanjundaswamy (@baadalvirus) September 2, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
