ആൾമാറാട്ടം നടത്തി പൊലീസ് അക്കാദമിയിൽ പരിശീലനം, ഉന്നത ഉദ്യോഗസ്ഥരോടൊപ്പം സെൽഫി, റീലുകൾ; മൂളിദേവി നേടിയത് ലക്ഷങ്ങൾ
text_fieldsജയ്പുർ : രാജസ്ഥാൻ പൊലീസ് അക്കാദമിയിൽ രണ്ടു വർഷത്തോളമായി ട്രെയിനിയായി കഴിഞ്ഞ വനിതയെ വ്യാജ രേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്‍റെ ഔദ്യോഗിക യൂണിഫോമിൽ രണ്ടു വർഷത്തോളമായി പരിശീലനം നേടിവരികയായിരുന്നു ഇവർ. ക്ലാസ് റൂമിലെത്തുന്നതും അക്കാദമിക്കകത്തെ പരിശീലനങ്ങൾ പുറത്തുനിന്നുള്ള ഒരാൾക്ക് അപ്രാപ്യമാണെന്നും രാജസ്ഥാൻ പൊലീസ് അക്കാദമി പറയുമ്പോഴും എങ്ങനെയാണ് ഇതെല്ലാം സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തായ വിശദീകരണമില്ല.
സബ് ഇൻസ്പെക്ടർ പരീക്ഷ പാസാവാതെയാണ് മോന ബഗ്ലിയ എന്ന മൂളി ദേവി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിച്ചിട്ടുള്ളത്. അറസ്റ്റിന് ശേഷം ഇവരുടെ മുറി പരിശേധിച്ച പൊലീസിന് വ്യാജ രേഖകളും മൂന്ന് സെറ്റ് വ്യത്യസ്ത പൊലീസ് യൂണിഫോമുകളും രാജസ്ഥാൻ പൊലീസ് അക്കദാമിയിലെ പരീക്ഷാ പേപ്പറുകളും ഏഴ് ലക്ഷം രൂപയും ലഭിച്ചു. ഇവരുടെ വ്യാജ ഐഡന്‍റിറ്റിയെ സാധൂകരിക്കുന്ന രേഖകളാണ് താമസസ്ഥലത്തു നിന്നും ലഭിച്ചിട്ടുള്ളത്.
മോന ബഗ്ലിയ രാജസ്ഥാനിലെ നഗ്വാർ ജില്ലയിൽ നിന്നുള്ള ട്രക്ക് ഡ്രൈവറുടെ മകളാണ്. സബ് ഇൻസ്പെടകർ പരീക്ഷയിൽ തോറ്റ ഇവർ മൂളി ദേവി എന്ന പേരിൽ വ്യാജ രേഖകൾ സൃഷ്ടിക്കുകയും സോഷ്യൽ മീഡിയയിലും മറ്റും ജയിച്ചതായി പ്രചരിപ്പിക്കുകയും ചെയ്തു.
അതേസമയം, സബ് ഇൻസ്പെക്ടർ ട്രെയിനികൾക്കുള്ള വാട്സ് ആപ് ഗ്രൂപിലും ഇവർ ഇടം നേടി. സ്പോർട്സ് ക്വാട്ട വഴി പ്രവേശനം ലഭിച്ചതായാണ് ഇവർ അധികൃതരെ തെറ്റിദ്ധരിപ്പിച്ചത്.
രണ്ടു വർഷത്തോളം രാജസ്ഥാൻ പൊലീസ് അക്കാദമി ഗ്രൗണ്ടിൽ ഇവർ സ്ഥിരമായി പരിശീലനത്തിനെത്തി. സീനിയർ ഉദ്യോഗസ്ഥരുമായി ചേർന്ന് ഫോട്ടോ എടുക്കുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസ് ഓഫിസർ എന്ന നിലയിൽ പ്രചോദനാത്മകമായ കണ്ടന്‍റുകളും റീലുകളും സ്ഥിരമായി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു.
കരിയർ ബോധവത്ക്കരണ സെമിനാരുകളിലും മറ്റും ഉന്നതരോടൊപ്പം പങ്കെടുക്കുന്നതിന്‍റെയും പ്രസംഗിക്കുന്നതിന്‍റെയും ചിത്രങ്ങളും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ട്രെയിനികളിൽ ചിലർക്ക് ഇവരെക്കുറിച്ച് സംശയമുണ്ടാകുകയും പരാതി നൽകുകയും ചെയ്തതോടെ ആഭ്യന്തര അന്വേഷണത്തിന് അധികൃതർ ഉത്തരവിടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. നാല് സഹോദരിമാരെയും പ്രചോദിപ്പിക്കാനായിരുന്നു ഇതെല്ലാം ചെയ്തതെന്നാണ് മൊഴി. എന്നാൽ ഇവർ അധികാരം ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

