വർഷകാല പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ
text_fieldsന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ആഗസ്റ്റ് 12 വരെ നടക്കുമെന്ന് പാർലമെന്റ് കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതിയാണ് തീയതികൾ ശിപാർശ ചെയ്തത്.
ഓപറേഷൻ സിന്ദൂറും തുടർന്നുണ്ടായ സംഭവവികാസങ്ങളും വിശദമായി ചർച്ച ചെയ്യുന്നതിന് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട്, മണ്‍സൂണ്‍ സമ്മേളനത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
പ്രത്യേക പാർലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് 16 പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിലെ സുരക്ഷാ വീഴ്ച, ഭീകരരെ പിടികൂടാൻ കഴിയാത്തത്, വെടിനിർത്തലിലെ അമേരിക്കൻ ഇടപെടൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം പ്രത്യേക സമ്മേളനം വേണമെന്ന് ആവശ്യപ്പെട്ടത്. പ്രത്യേക സമ്മേളനം നടന്നില്ലെങ്കിൽ ഈ വിഷയത്തിൽ വർഷകാല സമ്മേളനം പ്രക്ഷുബ്ധമാകും.
സാധാരണ പാർലമെന്റ് സമ്മേളനത്തിന്റെ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് തീയതികൾ പ്രഖ്യാപിക്കാറെന്നും എന്നാൽ 47 ദിവസങ്ങൾക്ക് മുമ്പേ മൺസൂൺ സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽ നിന്ന് ഒളിച്ചോടാനാണെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

