മഴക്കാലം കവർന്നെടുത്തത് 116 ജീവനുകൾ; ഹിമാചൽ പ്രദേശിൽ 1,230 കോടിയുടെ നാശനഷ്ടം
text_fieldsന്യൂഡൽഹി: ഈ വർഷം ഹിമാചൽ പ്രദേശിൽ ശക്തമായ മഴ കവർന്നെടുത്തത് 116 ജീവനുകൾ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ജൂൺ 20 മുതൽ ജൂലൈ 18 വരെയുള്ള ദിവങ്ങളിലായാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ മരണപ്പെട്ടവരിൽ 68 പേർ വെള്ളപൊക്കം, ഉരുൾപൊട്ടൽ, മേഘവിസ്‌ഫോടനം, മിന്നൽ, വൈദ്യുതാഘാതം എന്നിവ മൂലമാണ് മരണപ്പെട്ടത്. ബാക്കിയുള്ള 48 പേർ വാഹനാപകടങ്ങളിലുമായാണ് മരണപ്പെട്ടതെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കിൽ പറയുന്നുണ്ട്.
ഒരു മാസത്തിനിടെ 33 വെള്ളപ്പൊക്കങ്ങൾ, 22 മേഘവിസ്ഫോടങ്ങൾ, 19 ഉരുൾപൊട്ടലുകൾക്കും സംസ്ഥാനം സാക്ഷ്യം വഹിച്ചു. മാണ്ഡി, കുളു, കാംഗ്ര, ലാഹൗൾ-സ്പിതി തുടങ്ങിയ ജില്ലകളാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത്. മാണ്ഡി ജില്ലയിൽ ഒരേസമയം ഒന്നിലധികം വെള്ളപ്പൊക്കങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഇവിടെ മാത്രം 16 പേരാണ് മരണപ്പെട്ടത്. കാംഗ്ര ജില്ലയിലും 16 പേർ മരണപ്പെട്ടിട്ടുണ്ട്, കുളുവിൽ 7 പേരും മരിച്ചു.
അതേസമയം റോഡപകടങ്ങളിൽ സോളൻ (8), കുളു (7), ചമ്പ (6), ഷിംല (4) എന്നിങ്ങനെയാണ് മരണനിരക്ക്. റോഡിന്റെ ദുരവസ്ഥയാണ് മിക്ക മരങ്ങളുടെയും പ്രധാന കാരണം. ദാരുണമായ ജീവഹാനിക്ക് പുറമേ, , വീടുകൾ, കന്നുകാലികൾ, വിളകൾ, പൊതു സൗകര്യങ്ങൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായും ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. ഈ വർഷം പെയ്ത ശക്തമായ മഴയിൽ സംസ്ഥാനത്തുടനീളം 1,230 കോടിയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കപെടുന്നുണ്ട്.
അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ യാത്രക്കാരോടും താമസക്കാരോടും അഭ്യർഥിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ഹോം ഗാർഡുകൾ, പ്രാദേശിക ഭരണകൂടം എന്നിവയുടെ പിന്തുണയോടെ രക്ഷാപ്രവർത്തനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

