ഹിമാചലിലെ കാലവർഷക്കെടുതി; മരണം 50 കടന്നു
text_fieldsഷിംല: ഹിമാചൽ പ്രദേശിലെ ശക്തമായ കാലവർഷക്കെടുതിയിൽ മരണം 50 കടന്നു. ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും നിരവധി പേരെ കാണാതായിട്ടുണ്ട്. ദുരന്ത മേഖലകളിൽ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഷിംലയിൽ ശിവക്ഷേത്രത്തിന് മുകളിലേക്ക് ഉരുൾപൊട്ടലുണ്ടായതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ക്ഷേത്രത്തിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാൻ ദേശീയ ദുരന്തനിവാരണ സേനക്കൊപ്പം സംസ്ഥാന ദുരന്തനിവാരണ സേന, ഇന്തോ-തിബറ്റൻ പൊലീസ് ഫോഴ്സ് എന്നിവരുമുണ്ട്. മാണ്ഡി ജില്ലയിൽ മാത്രം മഴക്കെടുതിയിൽ 19 പേർ മരിച്ചു. സോലൻ ജില്ലയിലെ ജാഡൻ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ ഏഴു പേർക്കാണ് മേഘവിസ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
തകർന്ന ഷിംല–കൽക്ക ഹൈവേ നന്നാക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കൽക്ക– ഷിംല റെയിൽപാളം മഴയിൽ ഒലിച്ചുപോയിരുന്നു. ദുരന്തത്തെത്തുടർന്ന് സംസ്ഥാനത്തെ 752 റോഡുകൾ അടച്ചിട്ടു. നാശനഷ്ടങ്ങളെക്കുറിച്ച് എല്ലാ ജില്ല കലക്ടർമാരിൽനിന്നും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു റിപ്പോർട്ട് തേടി. ജനം വീടുകളിൽതന്നെ തുടരണമെന്ന് അഭ്യർഥിച്ച മുഖ്യമന്ത്രി സ്വാതന്ത്ര്യദിന പരിപാടികൾ മിതപ്പെടുത്തിയതായും അറിയിച്ചു.
പഞ്ചാബ്, ഹരിയാന, ഛണ്ഡിഗഡ്, ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ, സിക്കിം സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

