ഊട്ടി: തമിഴ്നാട്ടിൽ ആരോഗ്യ പ്രവർത്തകർ ഉപയോഗിച്ച പി.പി.ഇ കിറ്റുകൾ കോവിഡ് 19 സെൻററിലെ വരാന്തയിൽ. ഇതിലൂടെ കളിച്ചുനടക്കുന്ന കുരങ്ങൻമാരുടെ ദൃശ്യങ്ങൾ ആശങ്ക ഉയർത്തുന്നു.
ഊട്ടിയിലെ കോവിഡ് കെയർ സെൻററായി പ്രഖ്യാപിച്ച സ്വകാര്യ സ്കൂളിലാണ് സംഭവം. കോവിഡ് പോസിറ്റീവായ രോഗലക്ഷണമില്ലാത്ത 80ഓളം പേരെയാണ് ഇവിടെ ചികിത്സിക്കുന്നത്. സെൻററിന് പുറത്ത് ഉപയോഗിച്ച് ഉപേക്ഷിച്ച പി.പി.ഇ കിറ്റുകളുടെ കൂനയും അതിലൂടെ കുരങ്ങൻമാർ ഓടിനടക്കുന്നതും വിഡിയോയിൽ കാണാം. പി.പി.ഇ കിറ്റുകളുടെ അവശിഷ്ടങ്ങൾ കുരങ്ങൻമാർ വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
വിഡിയോ വൻതോതിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരോഗ്യ വകുപ്പ് സ്ഥലത്തെത്തുകയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും പ്രദേശം അണുവിമുക്തമാക്കുകയും ചെയ്തു. കോവിഡ് 19 വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനത്തിന് ഇടയാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൃത്യമായി നിരീക്ഷണം വേണമെന്നും ആവശ്യം ഉയർന്നു.
തമിഴ്നാട്ടിൽ വെള്ളിയാഴ്ച 6,785 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,99,749 ആയി.