പണം അവിടെയുണ്ട്; ഇച്ഛാശക്തിയും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടത് -വിജയിയുടെ വിമർശനങ്ങൾക്ക് മറുപിടിയുമായി സ്റ്റാലിൻ
text_fieldsചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ടി.വി.കെ മേധാവി വിജയ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തിന്റെ കടം നിയന്ത്രണവിധേയമാണെന്നും പണമില്ലെന്ന് പറഞ്ഞ് തുടക്കത്തിൽ തന്നെ വോട്ട് ചെയ്തവരെ നിരാശരാക്കരുതെന്നും സ്റ്റാലിൻ പറഞ്ഞു.
മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും അധികാരമേറ്റെടുത്തയുടൻ തന്നെ ഒപ്പുവെച്ച പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. 'ഖജനാവിൽ പണമില്ലെന്ന് തുടക്കത്തിൽ തന്നെ പറയരുത്. എല്ലാം അവിടെയുണ്ട്. ജനങ്ങൾക്ക് നൽകാനുള്ള ഇച്ഛാശക്തിയും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടത്,' അദ്ദേഹം പറഞ്ഞു.
പ്രായോഗികമായ വാഗ്ദാനങ്ങൾ മാത്രമേ നൽകൂ എന്നുപറഞ്ഞ് അധികാരത്തിൽ വന്ന താങ്കൾ ഭരണകാര്യങ്ങൾ വേഗത്തിൽ പഠിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചു.
മുൻ സർക്കാർ 10 ലക്ഷം കോടി രൂപയുടെ കടം വരുത്തിവെച്ചു എന്ന വിജയിന്റെ ആരോപണം ശരിയല്ല. ഫെബ്രുവരിയിലെ ബജറ്റിൽ തന്നെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അധികാരമേറ്റ ആദ്യ പ്രസംഗത്തിൽ തന്നെ സർക്കാരിന്റെ കൈവശം പണമില്ലെന്നു പറഞ്ഞ് തുടങ്ങരുതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധികളെയും കേന്ദ്രസർക്കാരിന്റെ അവഗണനയെയും മറികടന്നാണ് തന്റെ ഭരണകൂടം ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗികവും സാധ്യവുമായ വാഗ്ദാനങ്ങൾ എന്നുപറഞ്ഞ് അധികാരത്തിലെത്തിയ താങ്കൾക്ക് തങ്ങൾ നിറവേറ്റിയ പോലെത്തന്നെ ആ വാഗ്ദാനങ്ങളെല്ലാം നിറവേറ്റാനാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

