
കഞ്ചാവിന് അടിമപ്പെട്ട മകന്റെ ഉപദ്രവം; 17കാരനെ മാതാവ് കൊലപ്പെടുത്തി
text_fieldsവിജയവാഡ: കഞ്ചാവിന് അടിെപ്പട്ട 17കാരനായ മകനെ മാതാവ് കൊലപ്പെടുത്തി ആന്ധ്രപ്രദേശിലെ എ.ടി അഗ്രഹാരത്തിലാണ് സംഭവം. 17കാരനായ വല്ലെപ് സിദ്ധാർഥയാണ് മരിച്ചത്.
കഞ്ചാവിന് അടിമയായ സിദ്ധാർഥ അമ്മ സുമലതയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഗുണ്ടൂർ മുനിസിപ്പൽ കോർപറേഷനിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ശുചീകരണത്തൊഴിലാളിയാണ് 43കാരിയായ സുമലത. ഭർത്താവിന്റെ മരണശേഷം എ.ടി അഗ്രഹാരത്തിൽ വാടക വീട്ടിലായിരുന്നു രണ്ടുമാസമായി അമ്മയുടെയും മകന്റെയും താമസം.
പഠനം പാതിവഴിയിൽ ഉപേക്ഷിച്ച സിദ്ധാർഥ കഞ്ചാവിന് അടിമപ്പെട്ടതോടെ പണത്തിനായി മാതാവിനെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ശനിയാഴ്ച പതിവുപോലെ അമ്മയും മകനും തമ്മിൽ വഴക്കുണ്ടായതായി സമീപവാസികൾ പറഞ്ഞു.
വഴക്കിന് ശേഷം സുമലത വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. സംശയം തോന്നിയ അയൽവാസികൾ വീട്ടിലെത്തിയപ്പോൾ സിദ്ധാർഥ തറയിൽ മരിച്ചുകിടക്കുന്നതാണ് കണ്ടത്.
നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസെത്തി മൃതദേഹം സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ സുമലതക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
