Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോഹൻ ദേൽക്കറുടെ...

മോഹൻ ദേൽക്കറുടെ ആത്മഹത്യ: പ്രഫുൽ പട്ടേലിനെതിരായ പരാതി സുപ്രീംകോടതി സ്വീകരിച്ചു

text_fields
bookmark_border
Praful Patel
cancel

ന്യൂഡൽഹി: ദാദ്ര നഗർ ഹവേലിയിൽ നിന്നുള്ള പാർലമെന്‍റ് അംഗവും പട്ടികവർഗ്ഗക്കുരനുമായ മോഹൻ ദേൽക്കറുടെ ആത്മഹത്യയിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേൽ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ പരാതി സുപ്രീംകോടതി പൊതുതാൽപര്യ ഹരജിയായി രജിസ്റ്റർ ചെയ്തു. സുപ്രീംകോടതി സെക്രട്ടറി ജനറൽ മുഖേന ചീഫ് ജസ്റ്റിസിന് നൽകിയ പരാതിയാണ് പൊതുതാൽപര്യ ഹരജിയായി (51020/SCI/PIL(E)/2021) നമ്പരായി രജിസ്റ്റർ ചെയ്തത്.

ദാദ്ര നഗർ ഹവേലിയിൽ നിന്നും 7 തവണ വിവിധ പാർട്ടികളിൽ നിന്നായി വിജയിച്ചിട്ടുള്ള മോഹൻ ദേൽകർ കഴിഞ്ഞ തവണ സിറ്റിങ് എം.പിയായ ബി.ജെ.പി നേതാവ് പട്ടേൽ നാതുഭായിയെ പരാജയപ്പെടുത്തി സ്വതന്ത്രനായാണ് വിജയിച്ചത്. ഇത് ബിജെപിക്ക് അദ്ദേഹത്തോട് വിദ്വേഷം ഉണ്ടാക്കാൻ കാരണമായെന്ന് പരാതിയിൽ പറയുന്നു. ബി.ജെ.പി നേതാവായിരുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേൽ മോഹൻ ദേൽക്കറിനോട് വിദ്വേഷത്തോടെയും അവഹേളനപരമായും പെരുമാറിയതാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയിൽ കുറ്റപ്പെടുത്തി.

2021 ഫെബ്രുവരി 22നാണ് മോഹൻ ദേൽക്കർ ബോംബെ മറൈൻഡ്രൈവിനടുത്തുള്ള ഹോട്ടൽ സൗത്ത് ഗ്രീൻ ഹൗസിൽ വച്ച് ആത്മഹത്യ ചെയ്തത്. അദ്ദേഹം മരണസമയത്ത് എഴുതിവെച്ച 15 പേരുള്ള ഗുജറാത്തി ഭാഷയിലുള്ള ആത്മഹത്യാകുറിപ്പിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡാ പട്ടേലിനെയും ദാദ്ര നഗർ ഹവേലിയിലെ ഉന്നത ഉദ്യോഗസ്ഥരെയും തന്‍റെ ആത്മഹത്യക്ക് കാരണക്കാരായി കുറ്റപ്പെടുത്തുന്നുണ്ട്. മോഹൻ ദേൽകർ ആത്മഹത്യക്ക് ബോംബെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന് എളുപ്പം നീതികിട്ടും എന്നുള്ള പ്രതീക്ഷ കൊണ്ടാണെന്ന് മകൻ അഭിനവ് ദേൽ കർ മൊഴി നൽകിയിരുന്നു. ബി.ജെ.പി സ്വാധീനമുള്ള ഭരണകൂടങ്ങളിൽ നിന്നും തനിക്ക് നീതി നിഷേധിക്കപ്പെടുമെന്ന് അദ്ദേഹം ഭയപ്പെട്ടു.

തൊട്ടടുത്ത ദിവസം തന്നെ മഹാരാഷ്ട്ര സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും മറൈൻഡ്രൈവ് പോലീസ് സ്റ്റേഷനിൽ 306, 506, 389 120 (b) എന്നീ ഐ.പി.സി വകുപ്പുകൾ പ്രകാരവും 1989ലെ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെ 3(1) N, 3(1) P, 3(2)(2), 3(2) (5a) വകുപ്പുകൾ പ്രകാരവും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ, പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ പ്രതികളിൽ ഒരാളെപ്പോലും ചോദ്യം ചെയ്യുകയോ കാര്യമായ തെളിവ് ശേഖരണം നടത്തുകയോ ചെയ്തിട്ടില്ല. മോഹൻ ദേൽകറിന്‍റെ മകനായ അഭിനവ് ദേൽക്കർ പൊലീസിന് നൽകിയ മൊഴിയിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽൽ കോഡ പട്ടേൽ തന്‍റെ പിതാവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും 1985ലെ സാമൂഹിക വിരുദ്ധ പ്രവർത്തന നിരോധന നിയമ (PASA) പ്രകാരം മോഹൻ ദേൽക്കറിനെതിരെ കേസെടുത്ത് ജയിലിലടക്കാതിരിക്കണമെങ്കിൽ 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും ആരോപിച്ചിരുന്നു. മോഹൻ ദേൽകറിന്‍റെ ഉടമസ്ഥതയിലുള്ള എസ്.എസ്.ആർ കോളജിന്‍റെ നിയന്ത്രണം അഡ്മിനിസ്ട്രേറ്റർ പറയുന്നവർക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടതും മരണകാരണമായതായി മകൻ നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.

തന്‍റെ പരാതിയിൽ ഒൻപത് പേരെയാണ് അഭിനവ് ദേൽകർ എടുത്തു പറഞ്ഞത്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡാ പട്ടേലിനു പുറമേ ജില്ലാ കലക്ടർ സന്ദീപ് സിങ്, ജില്ലാ പൊലീസ് സൂപ്രണ്ട് ശരത് ധാരഡെ, ഡെപ്യൂട്ടി കലക്ടർ അപൂർവ്വ ശർമ, സബ് ഡിവിഷണൽ ഓഫീസർ മാനസി ജയിൻ, പൊലീസ് ഇൻസ്പെക്ടർ മനോജ് പട്ടേൽ, രോഹിത് യാദവ്, ഫത്തേ സിങ് ചൗഹാൻ, ദിലീപ് പട്ടേൽ എന്നിവരുടെ പേരുകൾ ഉന്നയിച്ചിരുന്നു. എന്നാൽ ഒരാളെപ്പോലും ഇതേവരേ ചോദ്യം ചെയ്തിട്ടില്ല. ഇതിനിടെ പ്രതികൾ ആത്മഹത്യാ പ്രേരണ കേസ് അന്വേഷിക്കാൻ മഹാരാഷ്ട്രാ സർക്കാറിന് അധികാരമില്ലെന്ന വാദമുയർത്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അതിനിടെയാണ് വിഷയം സുപ്രീംകോടതി മുമ്പാകെയെത്തിയത്.

തനിക്ക് ദാദ്ര നഗർ ഹവേലി ഭരണകൂടത്തിൽനിന്ന് നേരിടുന്ന അപമാനകരമായ പെരുമാറ്റങ്ങളെ കുറിച്ചും പീഡനങ്ങളെക്കുറിച്ചും മോഹൻ ദേൽകർ പലതവണ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ലോകസഭ സ്പീക്കർക്കും പരാതി നൽകിയിരുന്നു. ഇത്തരമൊരു കത്തിൽ തനിക്ക് ഒന്നുകിൽ ലോക്സഭയിൽ നിന്നും രാജിവെക്കുകയോ അല്ലെങ്കിൽ ആത്മഹത്യ ചെയ്യുകയോ അല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് മോഹൻ ദേൽകർ എഴുതിയിരുന്നു.

പ്രഫുൽ കോഡാ പട്ടേൽ അടക്കമുള്ള പ്രതികൾക്കെതിരെ ആത്മഹത്യാ കുറിപ്പ് അടക്കമുള്ള ശക്തമായ തെളിവുകളുണ്ടായിട്ടും മഹാരാഷ്ട്ര പ്രത്യേക പൊലീസ് അന്വേഷണസംഘം മെല്ലെപ്പോക്ക് തുടരുകയാണെന്ന് പരാതിയിൽ സലീം മടവൂർ ആരോപിച്ചു. ഇതേവരെ രണ്ടുതവണ അന്വേഷണസംഘം ദാദ്ര നഗർ ഹവേലി സന്ദർശിച്ചെങ്കിലും ഒരാളെപ്പോലും ചോദ്യം ചെയ്യാനോ തെളിവ് ശേഖരിക്കാനോ സാധിച്ചിട്ടില്ല. 7 തവണ പാർലമെന്‍റംഗമായ വ്യക്തിക്ക് പോലും ഉന്നതരിൽ നിന്ന് ജാതി പീഡനം നേരിടുന്നുവെങ്കിൽ അത് സമൂഹത്തെ ഞെട്ടിക്കുന്നതും കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യമുള്ളതുമായ വിഷയമാണെന്ന് പരാതിയിൽ ഉന്നയിക്കുന്നു.

മോഹൻ ദേൽക്കറുടെ ആത്മഹത്യാ കേസ്സിൽ കുറ്റാരോപിതരായ വ്യക്തികൾ ഉന്നത സ്ഥാനീയർ ആയതിനാൽ സുപ്രീം കോടതിയുടെയോ മുംബൈ ഹൈക്കോടതിയുടെയോ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമോ സി.ബി.ഐയോ കേസ് അന്വേഷിക്കാൻ നിർദ്ദേശം നൽകണമെന്നാണ് സലീം മടവൂർ ചീഫ് ജസ്റ്റിസിനു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Praful Patelsupreme courtMohan Delkar suicide
News Summary - Mohan Delkar's suicide: Supreme Court accepts complaint against Praful Patel
Next Story