‘ഉത്തരവുകളല്ല, വിദ്യാർഥികളുമായി ചർച്ചയാണ് പ്രധാനം’; യുവതലമുറയോട് സംസാരിക്കണം -മോഹൻ ഭാഗവത്
text_fieldsമോഹൻ ഭാഗവത്
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ രാജ്യതലസ്ഥാനത്ത് വിദ്യാർഥി പ്രക്ഷോഭം വൻതോതിൽ ആളിക്കത്തുന്നതിനിടെ, രാജ്യത്തെ പുതിയ തലമുറയെക്കുറിച്ച് ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത് നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു. ഇന്നത്തെ യുവതലമുറ വഴിതെറ്റിയവരോ ലക്ഷ്യബോധമില്ലാത്തവരോ അല്ലെന്നും, അവരോട് ഉത്തരവുകൾ അടിച്ചേൽപ്പിക്കുന്നതിന് പകരം കാര്യവത്തായ ചർച്ചകളാണ് നടത്തേണ്ടതെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
വിശ്വ മാംഗല്യ സഭ'യുടെ പരിപാടിയിൽ സംസാരിക്കവേയാണ് തലമുറകൾ തമ്മിലുള്ള വിടവിനെക്കുറിച്ചും പുതിയ തലമുറയോട് പെരുമാറേണ്ട രീതിയെക്കുറിച്ചും മോഹൻ ഭാഗവത് മനസ്സ് തുറന്നത്. ഞങ്ങൾ ചെറുപ്പമായിരുന്ന കാലം അനുസരണയുടെ യുഗമായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ അതല്ല. പുതിയ തലമുറ കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നവരാണ്. കാര്യങ്ങളുടെ യുക്തിയും കാരണങ്ങളും അവർക്ക് വിശദീകരിച്ചു നൽകേണ്ടതുണ്ട്.
യുവാക്കളുമായി സമയം ചെലവഴിക്കാനും അവരുമായി നിരന്തരം സംവദിക്കാനും മുതിർന്നവർ തയാറാകണമെന്ന് ഭാഗവത് ആവശ്യപ്പെട്ടു. പുതിയ തലമുറ ഒരു ആത്മബന്ധം നൽകുകയാണ് വേണ്ടത്. ഉത്തരവുകളല്ല, ചർച്ചകളാണ് പ്രധാനം. ആജ്ഞാപിക്കലല്ല, മറിച്ച് പരസ്പര സമ്മതമാണ് ഉണ്ടാകേണ്ടത്. ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി സമരത്തെക്കുറിച്ച് മോഹൻ ഭാഗവത് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്ന ഈ വാക്കുകൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.
സി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി സമരം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിട്ടും മോഹൻ ഭാഗവത് ഇതുവരെ പരസ്യ പ്രതികരണത്തിന് തയാറാകാതിരുന്നതിനെ മുതിർന്ന അഭിഭാഷകനും രാജ്യസഭ എം.പിയുമായ കപിൽ സിബൽ വെള്ളിയാഴ്ച രൂക്ഷമായി വിമർശിച്ചിരുന്നു. ‘മോഹൻ ഭാഗവത് ജി... ജന്തർ മന്തറിലെ സംഭവവികാസങ്ങളിൽ കഴിഞ്ഞ ഒരു മാസമായി താങ്കൾ പാലിക്കുന്ന മൗനം, താങ്കളുടെ ഉപദേശങ്ങളേക്കാൾ ഏറെ കാര്യങ്ങൾ വിളിച്ചുപറയുന്നുണ്ട്’ എന്നാണ് കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചത്.
ജൂലൈ 20ന് പാർലമെന്റിന് തൊട്ടടുത്ത് വെച്ച് പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും അക്രമ സംഭവങ്ങളും ജനരോഷം കൂടുതൽ വർധിപ്പിച്ചിരുന്നു. നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാണ് സമരത്തിന് നേതൃത്വം നൽകുന്ന സി.ജെ.പിയുടെ പ്രധാന ആവശ്യം. എന്നാൽ, മന്ത്രിയുടെ രാജി എന്ന ആവശ്യം കേന്ദ്രസർക്കാർ പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്.
അതേസമയം, ഭാവിയിൽ പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനായി കർശന നടപടികളിലേക്ക് സർക്കാർ കടന്നിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ തട്ടിപ്പുകളും നടത്തുന്നവർക്ക് കഠിനശിക്ഷ ഉറപ്പാക്കുന്ന പുതിയ ബില്ല് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രഖ്യാപിച്ചിരുന്നു.
സർക്കാരുമായി രണ്ട് ഘട്ട ചർച്ചകൾ നടന്നിട്ടും തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ട് പോകാൻ പ്രക്ഷോഭകർ തയ്യാറായിട്ടില്ല. ഇതിനിടെ, സമരം വിദേശ-ആഭ്യന്തര ശക്തികളുടെ ഗൂഢാലോചനയാണെന്ന ആരോപണവുമായി മുതിർന്ന ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ രംഗത്തെത്തിയിരുന്നു. ഇന്ത്യ വികസിത രാജ്യമാകുന്നത് തടയാൻ ശ്രമിക്കുന്ന ശക്തികളാണ് സമരത്തിന് പിന്നിലെന്നാണ് ഇന്ദ്രേഷ് കുമാർ ആരോപിച്ചത്. കേന്ദ്ര സർക്കാരും സി.ജെ.പിയും തമ്മിലുള്ള മൂന്നാം ഘട്ട ചർച്ചകളിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. ധർമേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ശനിയാഴ്ച ഉച്ചയോടെ മറുപടി നൽകാമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

