അസ്ഹറുദ്ദീന് ന്യൂനപക്ഷ ക്ഷേമ, പൊതു സംരംഭക വകുപ്പുകൾ, ഗവർണറുടെ അംഗീകാരം
text_fieldsഹൈദരാബാദ്: തെലങ്കാന സർക്കാറിൽ മന്ത്രിയായി കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന് രണ്ടു വകുപ്പുകളുടെ ചുമതല.
രേവന്ത് റെഡ്ഡി സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെയും പൊതു സംരംഭക വകുപ്പിന്‍റെയും ചുമതലയാണ് അസ്ഹറിന് നൽകിയത്. ഗവർണർ ജിഷ്ണു ദേവ് വർമ ഇതിന് അംഗീകാരം നൽകി. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് നേരത്തെ ന്യൂനപക്ഷ വകുപ്പ് കൈവശം വെച്ചിരുന്നത്. അദ്ലൂരി ലക്ഷ്മൺ കുമാറിനായിരുന്നു പൊതു സംരംഭക വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്നത്.
ഒക്ടോബർ 31നാണ് അസ്ഹറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2023 ഡിസംബറിൽ അധികാരത്തിലെത്തിയ രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ആദ്യ മുസ്‍ലിം അംഗമാണ് അസ്ഹറുദ്ദീൻ. രേവന്ത് റെഡ്ഡി അധികാരമേറ്റെടുത്തതിനു ശേഷം ഇതു രണ്ടാം തവണയാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ നവംബർ 11 ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിന്റെ നിർണായക നീക്കം.
അസ്ഹറുദ്ദീനെ സംസ്ഥാന ഗവർണറുടെ ക്വാട്ടയിൽനിന്നാണ് നിയമനിർമാണ കൗൺസിലിലേക്ക് നാമനിർദേശം ചെയ്തത്. ജൂബിലി ഹിൽസിലെ തെരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ കോൺഗ്രസിന്‍റെ അഭിമാനപ്രശ്നം കൂടിയാണ്. മുസ്ലിം വോട്ടുകളാണ് മണ്ഡലത്തിൽ വിധി നിർണയിക്കുക. അസ്ഹറുദ്ദീനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെ ന്യൂനപക്ഷ സമുദായത്തെ കൂടെ നിർത്താനാകുമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കണക്കുകൂട്ടൽ.
അസ്ഹർ കൂടി എത്തിയതോടെ മന്ത്രിമാരുടെ എണ്ണം 16 ആയി. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭയിൽ പരമാവധി 18 പേരെ ഉൾപ്പെടുത്താനാകും. 2023 ഡിസംബർ ഏഴിനാണ് രേവന്ത് റെഡ്ഢി സർക്കാർ അധികാരത്തിലെത്തുന്നത്. കഴിഞ്ഞ ജൂണിൽ മൂന്നുപേരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചിരുന്നു. മൊറാദാബാദിൽനിന്നുള്ള മുൻ ലോക്സഭാ അംഗമായ അസ്ഹർ, 2023 നിയമസഭ തെരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസിൽനിന്ന് മത്സരിച്ചെങ്കിലും ബി.ആർ.എസ് സ്ഥാനാർഥി മഗാന്തി ഗോപിനാഥിനോട് പരാജയപ്പെട്ടു. ജൂണിൽ ബി.ആർ.എസ് എം.എൽ.എ മരിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2009ലാണ് അസ്ഹർ കോൺഗ്രസിൽ ചേരുന്നത്. 2018ൽ സംസ്ഥാന കോൺഗ്രസിന്‍റെ വർക്കിങ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

